തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകരുടെ പോരാട്ടം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചെങ്കിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ജനുവരി എട്ടിനാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ലെങ്കിലും എംഎല്‍എമാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എ കെ ബാലനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇതൊക്കെ;
1- അടിയന്തര സാഹചര്യം ഇല്ല എന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷക സമൂഹവും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ വലിയ ഉത്കണ്ഠയുണ്ട്.
2- ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല.
3 – രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീര്‍ സിങും തമ്മിലുള്ള കേസില്‍ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
4- നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അത് അനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് സര്‍ക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാര്‍ശ സമര്‍പ്പിച്ച കമ്മീഷന്‍ ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കുവാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ അത് നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണ്.”
കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. ഇതോടെ ബുധനാഴ്ച നടക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി.
ബുധനാഴ്ച ഒരുമണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ തള്ളിയത്. ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിയമസഭാ സമ്മേളനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത്.
ജനുവരി എട്ടിന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ എന്തിനാണ് അടിയന്തിരമായി സഭ ചേരുന്നത് എന്ന് വ്യക്തമാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആശ്യപ്പെട്ടത്. പ്രത്യേക നിയമസഭ ചേരേണ്ട സാഹചര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. കാര്‍ഷിക നിയമ ഭേദഗതി വോട്ടിനിട്ട് തള്ളാനായിരുന്നു സര്‍ക്കാര്‍ പ്രത്യേക സമ്മനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ തേടിയത്. ഇതില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തള്ളുകയായിരുന്നു.