തിരുവനന്തപുരം: സോഷ്യൽമീഡിയയിലൂടെ മക്കളെ മർദ്ദിക്കുന്ന ഒരച്ഛന്റെ വീഡിയോ വ്യാപകമായി പ്രചരകിച്ചതിനെ തുടർന്ന് പോലീസ് നടപടി എടുക്കുകയും, സോഷ്യൽമീഡിയയുടെ സഹായത്തോടെ തന്നെ അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ വൻ ട്വിസ്റ്റാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ക്രൂരമായി കുഞ്ഞുങ്ങളെ മർദ്ദിക്കുന്നയാളെ ന്യായീകരിച്ച് ഭാര്യ രംഗത്തെത്തിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഭാര്യയുടെ പ്രതികരണം. തന്റെ കുടുംബത്തിലുള്ള ആരോ ചെയ്ത ചതിയാണ് ലോകം മുഴുവൻ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതെന്നും വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട വീഡിയോ പുറത്തുവിട്ടത് ബന്ധുക്കളിൽ ആരോ ആണെന്നം ഭാര്യ പറഞ്ഞു.
ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഭാര്യ, വീട്ടിൽ ഉണ്ടായ ചെറിയ ഒരു പ്രശ്നത്തിന്റെ പേരിൽ താനും മക്കളും ചേർന്ന് ചെയ്ത വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്ന് വെളിപ്പെടുത്തി. താൻ വീഡിയോ എടുക്കുന്നതു കണ്ട് അച്ഛനെ പേടിപ്പിക്കുന്നതിനു വേണ്ടിയാണ് മോൾ ഉറക്കെ നിലവിളിച്ചത്. ഈ ലോകം ഇപ്പോൾ തന്റെ ഭർത്താവിനെ ഒരു ദുഷ്ടനായിട്ടാണ് കാണുന്നത്. താൻ വയ്യാത്ത ഒരാളാണെന്നും ചികിത്സയ്ക്കും മറ്റുമായി വളരെ കഷ്ടപ്പെട്ടാണ് ഭർത്താവ് കുടുംബം നോക്കുന്നതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച വീട്ടിൽ ഒരു ചെറിയ പ്രശ്നം ഉണ്ടായപ്പോൾ ഭർത്താവിനെ പേടിപ്പിക്കാൻ വേണ്ടി തന്റെ ഫോണിൽ എടുത്ത വീഡിയോ ആണിത്. ഭർത്താവ് തന്നെയോ മക്കളെയോ ഒരു ഈർക്കിൾ കൊണ്ടു പോലും തല്ലിയിട്ടില്ല. വളരെ കഷ്ടപ്പെട്ടാണ് ഭർത്താവ് വീട് നോക്കുന്നതെന്നും യുവതി പറഞ്ഞു.
ഈ വീഡിയോ കുടുംബ ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. കുടുംബ ഗ്രൂപ്പിൽ പങ്കുവച്ച വീഡിയോ ആരോ വൈറലാക്കി ഇപ്പോൾ ആകെ നാറ്റിച്ചിരിക്കുകയാണെന്നും തന്റെ ഭർത്താവ് അങ്ങനെയുള്ള ആളല്ലെന്നും ഇതുവരെ തങ്ങളെ അടിച്ചിട്ടില്ലെന്നും ഭാര്യ പ്രതികരിക്കുന്നു.
സോഷ്യൽമീഡിയയിൽ വ്യാപകമായി ഈ വീഡിയോ പ്രചരിച്ചതോടെ കുട്ടികളെ മർദ്ദിക്കുന്ന ആളെ കണ്ടെത്താനായി പോലീസ് പൊതുസമൂഹത്തിന്റെ സഹായം തേടിയിരുന്നു. തുടർന്ന് ഇന്നാണ് പോലീസ് അയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയാണ് ഇയാളുടെ ഭാര്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
നേരത്തെ ഇയാൾ കുഞ്ഞുങ്ങളെ മർദ്ദിക്കുന്ന വീഡിയോ കണ്ട പലരും ഇയാളെ കണ്ടെത്തി തക്കശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരുന്നു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നും ഇയാൾ ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ (45) ആണെന്ന് സോഷ്യൽ മീഡിയ സെല്ലിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിക്കും ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സോഷ്യൽ മീഡിയ സെൽ വിവരം കൈമാറുകയായിരുന്നു.
Discussion about this post