കൊച്ചി: പ്രചാരണ സമയത്ത് പറഞ്ഞ വാഗ്ദാനങ്ങളിലൊന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ് നാല് മണിക്കൂറിനകം നിറവേറ്റി മെമ്പര്‍. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എം മജീദാണ് പ്രകടനപത്രികയിലെ ഒന്നാമത്തെ വാഗ്ദാനം ആദ്യദിനം തന്നെ പാലിച്ചത്.
‘പട്ടളായിമോളം പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കുടിവെള്ള പദ്ധതി ആരംഭിക്കും’ എന്നതായിരുന്നു മജീദിന്റെ പ്രകടന പത്രികയിലെ ഒന്നാമത്തെ വാഗ്ദാനം. നഹ, ഷമീര്‍ ബഷീര്‍, പേരുപറയരുതെന്ന് ആവശ്യപ്പെട്ട മറ്റൊരാള്‍ എന്നിങ്ങനെ മൂന്ന് പേര്‍ സ്ഥലം നല്‍കാന്‍ മുന്നോട്ടുവന്നതോടെയാണ് സിപിഐഎം നെല്ലിക്കുഴി ലോക്കല്‍ സെക്രട്ടറി കൂടിയായ പി എം മജീദ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്.
ആരേയും തോല്‍പിക്കാനോ മോശക്കാരാക്കാനോ വേണ്ടിയല്ല ഈ പദ്ധതി നടപ്പിലാക്കുന്നത്. അങ്ങനെയുള്ള ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടു. നാട്ടിലെ വികസനം പൊതുവായ കാഴ്ച്ചപ്പാടാണെന്ന് മജീദ് പറഞ്ഞു.
പി എം മജീദിന്റെ ഉദ്ഘാടന പ്രസംഗം
‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 13-ാം വാര്‍ഡില്‍ വന്നപ്പോള്‍ ഈ പ്രദേശത്തുള്ള വീട്ടമ്മമാര്‍, നമ്മുടെ സഹോദരിമാര്‍ അവര്‍ പറഞ്ഞത് ഒരേയൊരു കാര്യമാണ്. ഞങ്ങള്‍ക്ക് കുടിവെള്ളമില്ല. കിണറില്‍ വെള്ളമില്ല. പുറം ലോകം വന്ന് നോക്കുമ്പോള്‍ വലിയൊരു കനാല്‍ ഇവിടെ ഒഴുകുന്നുണ്ട്. പക്ഷെ, കുടിവെള്ളമില്ല എന്ന വലിയൊരു പരാതിയാണ് അവര്‍ എന്നോട് പറഞ്ഞത്. അതിനൊരു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. ഇവിടെ കുടിവെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വരുന്ന ഭരണസമിതി നൂറ് ശതമാനമായും നടപ്പാക്കും.
എല്‍ഡിഎഫ് ഭരണസമിതി വന്നാല്‍ ആദ്യം ചെയ്യുന്ന പദ്ധതി ഇതായിരിക്കുമെന്ന് ഉറപ്പുകൊടുത്തിരുന്നു. ഒരു തെരഞ്ഞെടുപ്പില്‍ വോട്ടിന് വേണ്ടി മാത്രമല്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തത് മൂന്ന് കാര്യങ്ങള്‍ക്കാണ്. ഒന്ന് പാര്‍പ്പിടം, ഏകദേശം 476 വീടുകള്‍ പണിതു, ശുദ്ധജലം ലഭ്യമാക്കുന്നതിന് രണ്ടേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് 13 പദ്ധതികള്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടപ്പിലാക്കി. 2500ഓളം പേര്‍ അതിന്റെ ഗുണഭോക്താക്കളായി. ഈ ഭരണസമിതിയും ഊന്നല്‍ നല്‍കുക മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായിരിക്കും. പഞ്ചായത്തിലെ മുന്നോട്ടുള്ള അഞ്ച് വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളുടെ കൂടി ഉദ്ഘാടനമാണിത്.
ആരേയും തോല്‍പിക്കാനോ മോശക്കാരാക്കാനോ വേണ്ടിയല്ല ഈ പദ്ധതി നടപ്പിലാക്കുന്നത്. അങ്ങനെയുള്ള ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടു. നാട്ടിലെ വികസനം പൊതുവായ കാഴ്ച്ചപ്പാടാണ്. ഡിസംബര്‍ പത്തിന് വൈകിട്ട് ആറരയോടുകൂടി തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ആശയസംഘട്ടനങ്ങള്‍ അവസാനിച്ചു. പിന്നീട് തെരഞ്ഞെടുക്കപ്പെടുന്നത് ആരാണെങ്കില്‍ പോലും ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ കക്ഷിയാണെങ്കില്‍ പോലും നാടിന്റെ പൊതുവായ കാഴ്ച്ചപ്പാടിന്റെ ഭാഗമാണ്.
നാട്ടിലെ മുഴുവന്‍ ആളുകളേയും കൂട്ടി യോജിപ്പിച്ചുകൊണ്ട് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നത്. പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആ പ്രദേശത്തുള്ളവരെയോ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരെയോ മോശക്കാരാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ഞങ്ങള്‍ നീങ്ങില്ല. ദയവായി അത്തരത്തില്‍ വളച്ചൊടിക്കരുത്. എല്ലാവരുടേയും പിന്തുണയും സഹായവും തെരഞ്ഞെടുക്കപ്പെട്ട ഞങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇത്തരത്തിലുള്ള പദ്ധതിയുടെ ആവശ്യം വന്നപ്പോള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ മൂന്ന് വ്യക്തികളാണ് നമുക്ക് സ്ഥലം നല്‍കാമെന്ന് പറഞ്ഞത്. ഒന്ന് നമ്മുടെ ബഷീറിക്കായുടെ മകന്‍ ഷമീര്‍, നഹ, പിന്നെ എത്ര വേണമെങ്കിലും സ്ഥാലം തരാം പേര് പറയരുതെന്ന് പറഞ്ഞ മറ്റൊരു സുഹൃത്ത്. കനാല്‍ പാസ് ചെയ്ത് വിടാന്‍ വേണ്ടിയാണ് നമ്മള്‍ നഹ സാഹിബിന്റെ സ്ഥലം കണ്ടെത്തിയത്. സ്ഥലം തന്ന് സഹായിച്ച പുതീയ്ക്കപ്പറമ്പില്‍ നഹയ്ക്ക് വളരെയധികം നന്ദി അറിയിക്കുന്നു. കിണര്‍ കുഴിച്ച് പണി പൂര്‍ത്തിയാക്കി മോട്ടോര്‍ വെയ്ക്കാന്‍ പോകുകയാണ് ഇപ്പോള്‍. ആളുകള്‍ക്ക് വെള്ളമെടുക്കാന്‍ സൗകര്യമൊരുക്കും. തുടര്‍ന്ന് ടാങ്ക് സ്ഥാപിച്ച് ശുദ്ധജലവിതരണത്തിന് തുടക്കം കുറിക്കും.’
എറണാകുളം ജില്ലയില്‍ ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളിലൊന്നാണ് നെല്ലിക്കുഴി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളില്‍ 13 വാര്‍ഡുകള്‍ നേടി എല്‍ഡിഎഫാണ് നെല്ലിക്കുഴിയില്‍ അധികാരത്തിലേറുന്നത്. യുഡിഎഫ് അഞ്ച് സീറ്റും എന്‍ഡിഎ മൂന്ന് സീറ്റുകളും നേടി.