തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിവാദങ്ങളെ കാറ്റിൽ പറത്തി എൽഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റം ജനകീയ ക്ഷേമപ്രവർത്തനങ്ങളുടെ കരുത്തുകാരണമാണ്. പ്രതിസന്ധി കാലത്ത് ജനങ്ങളെ കൈവിടാതെ കാത്ത സർക്കാരിനുള്ള വിധിയെഴുത്തായിരുന്നു ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. കോവിഡ് കാലത്ത് ആശ്വാസമായി വിതരണം ആരംഭിച്ച ഭക്ഷ്യ കിറ്റിന് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമാണ് ചെലുത്താനായത്.
ഭക്ഷ്യക്ഷാമമുണ്ടാകാതെ ജനങ്ങളെ സംരക്ഷിക്കുകയും സാമൂഹിക പെൻഷൻ കൃത്യമായി എത്തിച്ച് സാമ്പത്തികമായി പിന്തുണയും നൽകിയതാണ് സർക്കാരിനെ ജനകീയമാക്കിയത്. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങൾക്ക് ക്ഷേമപെൻഷനും ഭക്ഷ്യക്കിറ്റും നൽകി കൈത്താങ്ങായ സർക്കാരിനെയും എൽഡിഎഫിനേയും തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളും കൈവിടാതെ സൂക്ഷിക്കുകയായിരുന്നു. രാജ്യത്തിന് തന്നെ മാതൃകയായി ഭക്ഷ്യക്കിറ്റ് വിതരണത്തെ തേടി രാജ്യത്തിന് പുറത്തുനിന്നും ഒട്ടനവധി അഭിനന്ദനങ്ങളാണ് എത്തിയത്.
ജനങ്ങൾ പ്രതിസന്ധി ഘട്ടത്തിലും പട്ടിണികിടക്കാതിരുന്നത് ഭക്ഷ്യക്കിറ്റ് കൃത്യമായി ഓരോ കുടുംബത്തിലും എത്തിയതുകാരണമാണ്. ഇതിന് പിന്നിൽ ഭക്ഷ്യവകുപ്പിന്റെ കൃത്യമായ ഇടപെടലും കാര്യക്ഷമമായ പ്രവർത്തനവും തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യവകുപ്പിനും വകുപ്പുമന്ത്രി പി തിലോത്തമനും സപ്ലൈകോ എംഡി അലി അസ്ഗർ പാഷ ഐഎഎസിനും കൂടി അവകാശപ്പെട്ടതാണ് സർക്കാരിന് ലഭിച്ച ഈ ജനകീയ അംഗീകാരം.
ജനങ്ങൾക്കിടയിൽ ഭക്ഷ്യ കിറ്റിന് നിർണായക സ്വാധീനം ചെലുത്താനായെന്ന വിലയിരുത്തലിൽ തുടർന്നുള്ള അഞ്ച് മാസത്തേക്കും ഭക്ഷ്യക്കിറ്റ് വിതരണം തുടരാനാണ് സർക്കാർ തീരുമാനം. കിറ്റ് വിതരണം ഡിസംബറോടെ അവസാനിക്കാനിരിക്കെ സർക്കാർ തുടർന്നുള്ള മാസങ്ങളിലേക്കും ഭക്ഷ്യക്കിറ്റ് വിതരണം നീട്ടിയിരിക്കുകയാണ്. അടുത്ത വർഷം ഏപ്രിൽ വരെ ഭക്ഷ്യക്കിറ്റ് വിതരണം നടത്തും. ഇതിനുള്ള പ്രവർത്തനങ്ങൾ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനും സപ്ലൈകോ എംഡിയും വകുപ്പ് ഉദ്യോഗസ്ഥരും ആരംഭിച്ചുകഴിഞ്ഞു.
കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ സംസ്ഥാനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കാലത്താണ് സർക്കാർ ഭക്ഷ്യകിറ്റും സാമൂഹ്യപെൻഷനും കൃത്യമായി വീടുകളിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്. ധനകാര്യ-ഭക്ഷ്യ വകുപ്പുകൾ സംയുക്തമായി ചേർന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യവും നേരിട്ടിട്ടും ഭക്ഷ്യക്കിറ്റ് വിതരണം സുഗമമായി നടത്താനായത് രണ്ടുവകുപ്പുകളുടേയും കാര്യക്ഷമത കാരണമാണ്.
മന്ത്രി പി തിലോത്തമൻ നേരിട്ടിറങ്ങി വെല്ലുവിളികളെ ഓരോന്നായി അഭിമുഖീകരിക്കാൻ തയ്യാറായപ്പോൾ ഉദ്യോഗസ്ഥരും കൂടെനിന്ന് ഭക്ഷ്യ കിറ്റ് വിതരണം വലിയ വിജയമാക്കി തീരുകയായിരുന്നു.
ഗതാഗതം നിലച്ച കാലത്തുപോലും മന്ത്രി നേരിട്ടിറങ്ങി ഇതരസംസ്ഥാനങ്ങളിൽ നിന്നും കിറ്റിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിന് നിരന്തരം പരിശ്രമം നടത്തിയിരുന്നു. ഉദ്യോഗസ്ഥരുമായുള്ള കൃത്യമായ ആശയവിനിമയമാണ് ഇതിന് സഹായിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്ഷ്യവകുപ്പ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നിരന്തരം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഭക്ഷ്യ വസ്തുക്കൾ മുടക്കം കൂടാതെ സംസ്ഥാനത്ത് എത്തിയത്.
ഭക്ഷ്യവസ്തുക്കൾ കേടാകാതെ സൂക്ഷിക്കലും വലിയ കടമ്പയായപ്പോൾ ഭക്ഷ്യവകുപ്പിന് കീഴിലുള്ള ഗോഡൗണുകൾക്ക് പുറമെ മറ്റ് ഗോഡൗണുകളും സജ്ജമാക്കി ഒരുക്കുകയായിരുന്നു. കോവിഡ് കാല കിറ്റിന് പുറമെ ഓണക്കിറ്റും ക്രിസ്മസ് കിറ്റും സർക്കാരിന്റെ സമ്മാനങ്ങളായി കേരളത്തിലെ ഓരോ വീടുകളിലും എത്തി. 89,17,517 റേഷൻകാർഡ് ഉടമകൾക്കാണ് ഓരോ മാസവും സർക്കാരിന്റെ കിറ്റ് എത്തിയത്.
പതിവ് റേഷൻ കാർഡ് ഉടമകൾക്ക് പുറമെ സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലേയും ആശ്രമങ്ങളിലേയും അനാഥായങ്ങളിലേയും മുഴുവൻ പേർക്കും പ്രത്യേകമായി പുതിയ കാർഡ് നൽകാനും സർക്കാർ തീരുമാനിച്ചതോടെ വിശപ്പ് രഹിത സംസ്ഥാനമെന്ന സ്വപ്നം പൂർണതയിലേക്ക് എത്തുകയാണ്. വിശ്രമരഹിതമായാണ് ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യവകുപ്പ് പ്രവർത്തിച്ചത്. ഭക്ഷ്യ സുരക്ഷാനിയമവും കേന്ദ്ര ഭക്ഷ്യനയവും ഭംഗിയായി നിർവ്വഹിക്കാനും വകുപ്പിന് സാധിച്ചു.
കോവിഡിന്റെ ആഘാതം ജന ജീവിതം സ്തംഭിച്ചപ്പോൾ ഒരാളും പട്ടിണി കിടക്കരുത് എന്ന പിണറായി സർക്കാരിന്റെ തീരുമാനവും ഇച്ഛാശക്തിയുമാണ് സപ്ലൈകോ വഴി നടപ്പിലാക്കിയ ജനകീയ ഭക്ഷ്യ കിറ്റ് വിതരണം. എൺപത്തി അഞ്ചു ലക്ഷം കുടുംബങ്ങളുടെ ആത്മവിശ്വാസമായി മാറിയ ഈ ഭക്ഷ്യ കിറ്റ് ‘സർക്കാർ കൂടെയുണ്ട് ‘ എന്നോർമ്മിപ്പിക്കുന്നതായിരുന്നു. സാമൂഹിക അടുക്കളയും, സാമൂഹ്യ സുരക്ഷാ പെൻഷൻ 1400 രൂപയാക്കി ഉയർത്തിയും ആരും പട്ടിണി കിടക്കാതിരിക്കാൻ കേരളം പുലർത്തിയ ഈ ജാഗ്രത ലോകമെമ്പാടും ശ്രദ്ധ നേടുകയും പിണറായി സർക്കാർ അഭിനന്ദനം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
Discussion about this post