കൊച്ചി: അഭയ കൊലക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. അഭിമാനകരമായ ദിവസമാണിതെന്നും കോടികള്‍ ചെലവഴിച്ച് കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ മൂടിവെക്കാമെന്ന് ആരും ഇനി വിചാരിക്കില്ലെന്നും ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിക്കുന്നു.
‘ ഈ ദിവസം എന്നുപറയുന്നത് വളരെ അഭിമാനം തോന്നുന്ന ഒരു ദിവസമാണ്. കന്യാസ്ത്രീകളും അധികാരികളും അടങ്ങുന്ന വര്‍ഗം കൊലപാതകമടക്കമുള്ള ഗുരുതരമായ തെറ്റുകള്‍ ചെയ്തുകൂട്ടിയിട്ടും, നീണ്ട വര്‍ഷം അതിനെ ഇല്ലാതാക്കാന്‍ വേണ്ടി കോടികള്‍ ചെലവഴിച്ച് പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആ നാടകത്തിന് തിരശ്ശീല വീണിരിക്കുകയാണ്. ഇനി ഇത്തരം കുറ്റകൃത്യങ്ങള്‍ മൂടിവെക്കപ്പെടുമെന്ന് ഒരു കാലത്തും അവര്‍ വിചാരിക്കരുത്.’ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.
അഭയയുടേത് കൊലപാതകമാണെന്ന് ശരിവെച്ച്, ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും കോടതി വിധിക്കുകയായിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ സുപ്രധാന വിധി എത്തിയത്.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സിബിഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.
Discussion about this post