തിരുവനന്തപുരം: നീണ്ട 28 വര്‍ഷത്തിന് ശേഷമാണ് സിസ്റ്റര്‍ അഭയക്ക് നീതി ലഭിക്കുന്നത്. അഭയ കേസില്‍ സിസ്റ്റര്‍ സെഫിയും തോമസ് കോട്ടൂരും പ്രതികളാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് പുരോഗമിക്കവേ കേസില്‍ നിന്നും രക്ഷപ്പെടാനായി നിരവധി മാര്‍ഗങ്ങളാണ് പ്രതികള്‍ നോക്കിയത്. പ്രതിയായ സിസ്റ്റര്‍ സെഫി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വൈദ്യശാസ്ത്രത്തിന്റെയും സഹായം തേടിയിരുന്നു.
താന്‍ കന്യകയാണെന്ന് സ്ഥാപിക്കാന്‍ ഇവര്‍ കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചിരുന്നു. കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് ആണ് സിസ്റ്റര്‍ സെഫി വിധേയയായത്. ഇക്കാര്യം വൈദ്യ പരിശോധനയിലാണ് കണ്ടെത്തിയത്.
2008 നവംബറില്‍ സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ വിശദ വൈദ്യപരിശോധനയിലാണ് ഇവര്‍ കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചത് കണ്ടെത്തിയത്. അന്ന് നടത്തിയ പരിശോധനയില്‍ സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതായി തെളിഞ്ഞുവെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനും പ്രോസിക്യൂഷന് 29-ാം സാക്ഷിയുമായ ഡോ. രമയും മെഡി. കോളേജ് പ്രിന്‍സിപ്പലും 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐ. കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം അന്തിമവാദത്തിലും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ വാദങ്ങളെല്ലാം പ്രതിഭാഗം ശക്തമായി എതിര്‍ത്തു. കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചത് അഭയ കേസുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.സിസ്റ്റര്‍ അഭയക്കും കുടുംബത്തിനും ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തല കിണറ്റിലെ പമ്പില്‍ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിക്കുകയായിരുന്നു. ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും.
Discussion about this post