തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി കേസിലെ പ്രധാന സാക്ഷിയായ അടയ്ക്ക രാജു. ആ കുഞ്ഞിന് നീതി കിട്ടിയില്ലെ, എനിക്ക് അതുമതി എന്നാണ് അടയ്ക്കാ രാജു മാധ്യമങ്ങളോട് പറഞ്ഞത്.
‘എനിക്കും പെണ്‍കുട്ടികളുണ്ട്, അയല്‍പകത്തും പെണ്‍കുട്ടികളുണ്ട്, ആര്‍ക്കും ഒരു ദോഷവും വരരുത്, എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആ കുഞ്ഞിന് നീതി കിട്ടണമെന്ന്. ആ കുഞ്ഞിന്റെ അപ്പനായിട്ട് തന്നെ പറയുവാ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം അഭയ കേസില്‍ കൂറുമാറാന്‍ തനിക്ക് കോടികളാണ് വാഗ്ദാനം ചെയ്തതെന്നും രാജു വെളിപ്പെടുത്തി. എന്നാല്‍ താന്‍ ആരുടെ എടുത്ത് നിന്നും ഒന്നും വാങ്ങിച്ചിട്ടില്ല, ഒരു രൂപ പോലും എനിക്ക് വേണ്ട എന്നും രാജു പറഞ്ഞു.
തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് അഭയ കൊലക്കേസിലെ വിധി ഇന്ന് രാവിലെ പറഞ്ഞത്. ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞിരുന്നു. രണ്ടുപേര്‍ക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. ജഡ്ജി കെ സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ കോടതി വിധിക്കും.
Discussion about this post