കോട്ടയം: സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് പ്രതികളില്‍ ഒരാളായ സിസ്റ്റര്‍ സെഫി. അതേസമയം മറ്റൊരു പ്രതിയായ ഫാ. തോമസ് കോട്ടൂര്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് പ്രതികൂട്ടില്‍ നിന്നത്.
വിധി പ്രസ്താവം കേട്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ സെഫി പ്രതികൂട്ടിലെ ബഞ്ചിലിരുന്നു. വിധി കേട്ടശേഷം സെഫി വെളളം വേണമെന്നാവശ്യപ്പെട്ടു. ഏറേ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ നീണ്ട 28 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് വിധി പറയുന്നത്.
കേസില്‍ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നിവ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
ദൈവത്തിന് നന്ദിയെന്ന് വിധി പ്രഖ്യാപനം കേട്ട് സെഫിയുടെ കുടുംബം പ്രതികരിച്ചു.സത്യത്തിന്റെ വിജയമാണ് വിധിയെന്ന് മുന്‍ സിബിഐ ഉദ്യോഗസ്ഥന് വര്‍ഗീസ് പി.തോമസ് പ്രതികരിച്ചു. നിറ കണ്ണുകളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണം നീതിപൂര്‍വം ആണെന്നതിന്റെ തെളിവാണ് കോടതിയുടെ കണ്ടെത്തല്‍. സന്തോഷം കൊണ്ടാണ് ഇപ്പോള്‍ കണ്ണുനീര് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോണ്‍വെന്റ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് ഇവരെല്ലാം കേസ് അവസാനിപ്പിച്ചത.് ഇതിനിടെ, പ്രതികളായി ഉയര്‍ന്നുകേട്ട പേരുകളില്‍ സഭയിലെ ഉന്നതരുടെ സാന്നിധ്യമുള്ളതുകൊണ്ടാണ് അന്വേഷണം കാര്യക്ഷമമല്ലാത്തത് എന്ന ആക്ഷേപം ഉയര്‍ന്നു.
സഭ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോള്‍ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അന്നത്തെ മദര്‍ സുപ്പീരിയര്‍ ബെനിക്യാസ്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്കി. തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു.
1996 വരെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിവെക്കുന്ന നിലപാടാണ് സിബിഐ എസ്പി ത്യാഗരാജനും സംഘവും സ്വീകരിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് വീണ്ടും സിബിഐ അന്വേഷിക്കുകയും പിന്നെയും 12 വര്‍ഷത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2008 നവംബര്‍ 18നാണ് നിര്‍ണായകമായ നീക്കമുണ്ടായത്. സിബിഐ എഎസ്പി നന്ദകുമാര്‍ നായര്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തു. പ്രതികളെ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ്, പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍ക്കു വിധേയമാക്കി. മൂവരെയും പ്രതികളാക്കി കുറ്റപത്രം നല്കി. കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് മൂവരും വിചാരണക്കോടതിയില്‍ ഹര്‍ജിയും നല്കി.
ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താല്‍ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. മറ്റു രണ്ടുപേരോട് വിചാരണ നേരിടാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
Discussion about this post