നെല്ലിയാമ്പതി: 3200 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് വീണവരെ രക്ഷിക്കാന്‍ നടത്തിയത് അതിസാഹസിക പ്രവര്‍ത്തനം. പോലീസും അഗ്‌നിരക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്ന് 23 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നെല്ലിയാമ്പതി വനമേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ തെരച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12വരെയാണ് തുടര്‍ന്നത്. ഒടുവില്‍ സന്ദീപിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പാറക്കെട്ടുകളിലൂടെ സ്ട്രചറില്‍ ചുമന്ന് വൈകീട്ട് ആറോടെ താഴ്‌വാരമായ നെന്മേനിയില്‍ എത്തിച്ചു. സീതാര്‍കുണ്ഡ് ഭാഗത്തുള്ള കൊക്കയില്‍ വീണതുകൊണ്ട് മലയ്ക്ക് താഴെ നെന്മേനി വനഭാഗത്തേക്കാണ് എത്തുക. അതിനാല്‍ ആരെങ്കിലും പരിക്കേറ്റ് കിടക്കുന്നുണ്ടെങ്കില്‍ രക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്.
ചിറ്റൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും വനപാലകരും നാട്ടുകാരായ നാലുപേരുമുള്‍പ്പെടെ 24 അംഗ സംഘമാണ് വനഭാഗത്ത് തെരച്ചില്‍ ആരംഭിച്ചത്. ആനക്കാട്ടിലൂടെയുള്ള യാത്രയായതിനാല്‍ പടക്കം പൊട്ടിച്ചും കാട്ടരുവികളിലൂടെയും കുത്തനെയുള്ള പാറകളില്‍ വടം കെട്ടിയുമാണ് മുകളിലുള്ള പാറക്കെട്ടിന് താഴെയെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൂന്നുമണിയോടെ തിരിച്ചിറങ്ങുകയായിരുന്നു.
ഇതിനിടെ നെല്ലിയാമ്പതി സീതാര്‍കുണ്ഡ് ഭാഗത്ത് പോലീസും ആലത്തൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും മുകള്‍ഭാഗത്ത് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു. ഈ സമയം രഘുനന്ദന്റെ കരച്ചില്‍ കേട്ടതോടെ വടംകെട്ടി താഴെയിറങ്ങുകയായിരുന്നു. വടമില്ലാത്തതിനാല്‍ വടക്കഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് മുകള്‍ഭാഗത്തുനിന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
സാഹസികമായി വടത്തിലൂടെ ഇറങ്ങിയാണ് പരിക്കുപറ്റിയ രഘുനന്ദനെ ജീവനോടെ എത്തിക്കാന്‍ സാധിച്ചത്. രാത്രി താഴ്വാരത്ത് നടത്തിയ തെരച്ചിലിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലും സന്ദീപിനെ കണ്ടെത്തിയില്ല. ഇതേത്തുടര്‍ന്ന്, കാലത്ത് അഗ്‌നിരക്ഷാസേനയുടെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെയും നേതൃത്വത്തില്‍ പാറക്കെട്ടിന് താഴ ഇറങ്ങാന്‍ തീരുമാനിച്ചു.
വ്യൂ പോയന്റിന്റെ വലതുവശത്തുള്ള ചെരിവിലൂടെ താഴെയിറങ്ങി സാഹസികമായി പാറക്കെട്ടുകളിലേക്ക് കയറുകയായിരുന്നു. മറ്റൊരു സംഘം നെന്മേനി ഭാഗത്തുനിന്ന് കയറി. ഇവരാണ് പാറക്കെട്ടില്‍ വീണുകിടക്കുന്ന സന്ദീപിനെ കണ്ടെത്തിയത്. സന്ദീപ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു.