തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.
തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വൈറസ് വ്യാപനവും കോവിഡിന്റെ രണ്ടാം വരവും തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കാനാണ് ഉന്നതതല യോഗം ചേരുന്നത്. വൈകീട്ട് ആറിന് ചേരുന്ന യോഗത്തില്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ആശങ്കയുയര്‍ത്തുന്നത് അതിന്റെ സാംക്രമിക ശേഷി കൊണ്ടു മാത്രമാണ്. VUI-202012/01 എന്ന പുതിയ വകഭേദത്തില്‍ 23 ജനിതകമാറ്റങ്ങളാണു കണ്ടെത്തിയത്. 70 % അധികമാണു സാംക്രമിക ശേഷി.
രോഗ തീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്സിനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന് പറഞ്ഞു. യുഎസിലെ നിയുക്ത സര്ജന് ജനറലും ഇന്ത്യന്‍ വംശജനുമായ ഡോ. വിവേക് മൂര്‍ത്തിയും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
പുതിയ വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് രാജ്യത്തും അതീവ ജാഗ്രതയാണ്. മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇന്നു രാത്രി 12 മുതല്‍ 31നു രാത്രി 12 വരെയാണു നിയന്ത്രണം.
ബ്രിട്ടനില്‍ നിന്ന് ഇന്ന് എത്തുന്നവരും പിന്നീട് മറ്റു രാജ്യങ്ങള്‍ വഴിയെത്തുന്നവരും വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തണം. ഇതില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള ക്വാറന്റൈന് കേന്ദ്രത്തിലേക്കു മാറ്റും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര യോഗത്തിലാണു തീരുമാനങ്ങള്‍. അതേസമയം, ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് പറഞ്ഞു. കോവിഡ് പ്രതിരോധം ഫലപ്രദമാണ്. യുഎസിലും ബ്രിട്ടനിലും കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഏതാനും ആഴ്ചകളായി കാര്യമായ വര്‍ധനയില്ല.
Discussion about this post