തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റത് താന്‍ കാരണമാണെന്ന് ആരോപിച്ച് തന്നെയും കുടുംബത്തെയും ബിജെപി സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണന്‍ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ്. ഇക്കാര്യം വ്യക്തമാക്കി ബി ഗോപാല കൃഷ്ണന് എതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയത്. ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കേശവദാസാണ് പരാതി നല്‍കിയത്.
കുട്ടന്‍കുളങ്ങരയില്‍ തോറ്റത് താന്‍ കാരണമാണെന്ന് ഗോപാലകൃഷ്ണനും സംഘവും സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തുന്നുവെന്നും ഇത് മാനഹാനിയുണ്ടാക്കുന്നതാണെന്നും കാണിച്ചാണ് കേശവദാസ് പരാതി നല്‍കിയത്. ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോ പ്രചരിച്ചിരുന്നു. തന്റെ കുടുംബം കാരണമാണ് തോറ്റതെന്ന് സ്ഥാപിക്കാന്‍ ഗോപാലകൃഷ്ണന്‍ ഈ ഫോട്ടോ ദുരുപയോഗിക്കുന്നുവെന്ന് കേശവദാസ് പരാതിയില്‍ വ്യക്തമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേശവദാസിന്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ലളിതാംബിക ബിജെപി വിടുകയും ചെയ്തിരുന്നു.
തൃശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ബി. ഗോപാലകൃഷ്ണന്‍ മത്സരിച്ചത്. 241 വോട്ടിനാണ് ഗോപാലകൃഷ്ണന്‍ തോറ്റത്. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ തോറ്റത്. വോട്ടുകള്‍ എണ്ണി തുടങ്ങിയ സമയം മുതല്‍ കുട്ടന്‍കുളങ്ങരയില്‍ നിന്നും മത്സരിച്ച ഗോപാലകൃഷ്ണന് ലീഡ് നേടാനായിരുന്നില്ല. തപാല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ തന്നെ ബി. ഗോപാലകൃഷ്ണന്‍ പിന്നിലായിരുന്നു.
Discussion about this post