മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെ ആയാലും താൻ സഹായമെത്തിക്കുമെന്ന് വാക്ക് നൽകിയ കുടുംബങ്ങളെ തേടിയെത്തിയിരിക്കുകയാണ് മലപ്പുറം പെരുവള്ളൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയോട് തോറ്റെങ്കിലും തന്നോട് പ്രചാരണകാലത്ത് കഷ്ടത പങ്കുവെച്ച തന്നാലാകുന്ന സഹായം ചെയ്യുകയാണ് ഈ എൽഡിഎഫ് സ്ഥാനാർത്ഥി.
മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിസി സാജിദ കിടപ്പാടമില്ലാത്ത നാല് കുടുംബങ്ങൾക്കാണ് സ്വന്തം ഭൂമി വീതിച്ച് നൽകിയിരിക്കുന്നത്. പെരുവള്ളൂർ പഞ്ചായത്തിൽ 13ാം വാർഡിലേക്ക് മത്സരിച്ച സാജിദ വോട്ട് അഭ്യർത്ഥിച്ച് ചെന്നപ്പോഴാണ് സ്ഥലം വാങ്ങി വീട് വെയ്ക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത വോട്ടർമാരെ കണ്ടത്. അവരുടെ കഷ്ടപ്പാട് അറിഞ്ഞതോടെ തന്നാൽ ആകുന്നത് ചെയ്യുമെന്ന് സാജിദ കുടുംബങ്ങൾക്ക് വാക്കുകൊടുത്തു.
പിന്നീട് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 42 വോട്ടിനാണ് സാജിദ തോറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി താഹിറ കരീമാണ് സാജിദയെ 42 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. താഹിറ 516 വോട്ടുകളും സാജിദ 474 വോട്ടുകളും നേടി.
തോറ്റെന്നാലും പ്രചരണ സമയത്ത് കണ്ട കിടപ്പാടമില്ലാത്ത കുടുംബങ്ങളെ സഹായിക്കാമെന്ന് ഏറ്റ വാക്ക് സാജിദ മറന്നില്ല. ജയിച്ചാലും തോറ്റാലും സഹായിക്കണമെന്ന തീരുമാനം മാറ്റാതെ കുടുംബങ്ങളെ കണ്ട് സഹായം ഉറപ്പാക്കിയിരിക്കുകയാണ് സാജിദ ഇപ്പോൾ.
പറച്ചെനപ്പുറായയിലുള്ള 12 സെന്റ് സ്ഥലം നാല് പേർക്ക് വീതിച്ചു നൽകുകയായിരുന്നു. രണ്ട് കുടുംബത്തിന് നൽകാനുള്ള ഭൂമി തെരഞ്ഞെടുപ്പ് ഫലം വന്ന് അധികം വൈകാതെ തന്നെ അളന്നുതിട്ടപ്പെടുത്തി. രണ്ട് കുടുംബങ്ങൾക്ക് കൂടി ആധാരം രജിസ്റ്റർ ചെയ്ത് ഉടൻ ഭൂരേഖകൾ കൈമാറും.
ഇതിനോടകം സാജിദ വിട്ടുനൽകിയ സ്ഥലത്ത് വീട് പണിയും കുടുംബങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പെരുവള്ളൂർ പഞ്ചായത്ത് യുഡിഎഫ് തൂത്തുവാരിയിരുന്നു. 19 സീറ്റുകളിൽ 16ലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. മൂന്ന് സ്വതന്ത്രർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Discussion about this post