തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിഎം സുധീരന്.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കൂടിയ കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒപ്പം സുധീരനും പങ്കെടുത്തിരുന്നു. യോഗത്തില്‍ തിരുവഞ്ചൂരിന് തൊട്ടടുത്താണ് വിഎം സുധീരന് ഇരുന്നത്. യോഗത്തിന് പിന്നാലെ തിരുവഞ്ചൂരിന് രോഗം സ്ഥിരീകരിച്ചതോടെ സുധീരന് നിരീക്ഷണത്തില്‍ പോകുകയാണെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. അതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നലെ 5711 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2816 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,604 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,41,285 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,87,099 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Discussion about this post