കോട്ടയം: കോട്ടയം നഗരസഭയിൽ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ നഗരസഭയിൽ രു മുന്നണികൾക്കും സീറ്റുകൾ തുല്യമാകും. ഇതേതുടർന്ന് നറുക്കെടുപ്പിലൂടെയാണ് അധികാരം ആർക്കെന്ന് തീരുമാനിക്കുക.
യുഡിഎഫിന് ഭരണം കിട്ടിയാൽ അഞ്ച് വർഷത്തേക്ക് അധ്യക്ഷ സ്ഥാനം തനിക്കായിരിക്കുമെന്ന് ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. 52 അംഗ കോട്ടയം നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 22 സീറ്റാണ് ഉള്ളത്. ബിൻസി സെബാസ്റ്റ്യന്റെ പിന്തുണയുണ്ടെങ്കിൽ യുഡിഎഫിനും 22 സീറ്റാവും. ഇതോടെ നറുക്കെടുപ്പിൽ ഭാഗ്യം തുണക്കുന്നവർക്ക് നഗരസഭ ഭരണം കൈയാളാം.
നഗരസഭയിൽ എൻഡിഎയ്ക്ക് എട്ട് സീറ്റുണ്ട്. അതേസമയം, തനിക്ക് അധ്യക്ഷ സ്ഥാനം നൽകുന്നവർക്ക് പിന്തുണയെന്നായിരുന്നു ബിൻസി സെബാസ്റ്റ്യന്റെ നിലപാട്. ബിൻസിയുടെ പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന പ്രതീക്ഷ ഇടതുമുന്നണി പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ, കോൺഗ്രസ് ഉന്നത നേതൃത്വം ഇടപെട്ടതോടെയാണ് ബിൻസി നിലപാട് മാറ്റിയതെന്നാണ് സൂചന.