തിരുവനന്തപുരം: നിർണായകമായ തെരഞ്ഞെടുപ്പ് കാലത്ത് ഇടഞ്ഞുനിന്നതിന് ബിജെപി നേതൃത്വം പ്രധാനപ്പെട്ട നേതാക്കൾക്ക് എതിരെ നടപടി എടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നതിന് ശോഭ സുരേന്ദ്രനും നടപടി നേരിടേണ്ടി വരും. നേതാക്കൾക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.
ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. ഇതോടൊപ്പം സംസ്ഥാനത്ത് 25 പഞ്ചായത്തുകളിൽ യുഡിഎഫ് എൽഡിഎഫ് ഒത്തുകളി നടന്നതായും സുരേന്ദ്രൻ ആരോപിച്ചു.
പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുകയും ചെയ്തതോടെ കെ സുരേന്ദ്രനെ മാറ്റാനുള്ള ശ്രമം ശോഭ സുരേന്ദ്രൻ വിഭാഗം ശക്തമാക്കിയതിന് പിന്നാലെയാണ് അച്ചടക്ക നടപടി എടുക്കാൻ സുരേന്ദ്രന്റെ നീക്കം.
സംസ്ഥാന ഘടകത്തിലെ പുനഃസംഘടയിൽ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രൻ അടക്കമുളള ഒരു വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന പിഎം വേലായുധൻ, ജെആർ പദ്മകുമാർ അടക്കമുളള നേതാക്കളും വിട്ടുനിന്നിരുന്നു. തനിക്കെതിരെ പ്രതിഷേധിക്കുന്നവരെ ഒതുക്കുമെന്ന സൂചനയാണ് സുരേന്ദ്രൻ നൽകുന്നത്.
Discussion about this post