തിരുവനന്തപുരം: തദ്ദേശ സംവയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയം ഏറ്റുപറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് പാളിച്ചകളുണ്ടായി എന്ന് തുറന്നുസമ്മതിക്കുന്നു. പാളിച്ചകൾ പരിശോധിച്ച് വർധിത മൂല്യത്തോടെ പോരാടുമെന്നും തിരുവനന്തപുരത്ത് യുഡിഎഫ് യോഗത്തിന് ശേഷം ചെന്നിത്തല പ്രതികരിച്ചു. ഈ തെരഞ്ഞെടുപ്പിലെ വിജയംകൊണ്ട് സർക്കാരിന്റെ അഴിമതി വെള്ളപൂശാനാവില്ലെന്നും മാധ്യമങ്ങൾ കണ്ണുതുറന്നു കാണണമെന്നും ചെന്നിത്തല പറഞ്ഞു.
ഞങ്ങളാരും വിജയത്തിൽ അഹങ്കരിച്ചിട്ടില്ല, എന്നാൽ അഹങ്കരിക്കുന്ന മുഖ്യമന്ത്രിയേയും മുന്നണിയേയുമാണ് കാണുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വിജയം പ്രതീക്ഷിച്ചിരുന്നു. അത് ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്പെയിനുകൾക്ക് പരിമിതി ഉണ്ടായിരുന്നു. പ്രതിപക്ഷമായതിനാൽ തന്നെ യുഡിഎഫിന് പലയിടത്തും പരിമിതികളുണ്ടായിരുന്നു. കേരളത്തിന്റെ പൊതുരാഷ്ട്രീയം പ്രതിഫലിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിന് സാധിച്ചില്ല, ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇതിനിടെ, തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാവുകയും പരസ്പരം ചെളിവാരി എറിയലുകൾ വ്യാപകമാവുകയും ചെയ്തതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകൾ ഇനിമുതൽ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറാണ് പരസ്യപ്രസ്താവന വിലക്കണമെന്ന് നിർദേശിച്ചത്.