ആളൂരിനെ ഏല്‍പ്പിക്കരുത്; ജോളിയുടെ സാമ്പത്തിക ഇടപാട് അഡ്വ ബിഎ ആളൂരിനെ ഏല്‍പ്പിക്കണമെന്ന അപേക്ഷ സംശയാസ്പദമെന്ന് പ്രോസിക്യൂഷന്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ്. കേസിലെ ഒന്നാം പ്രതി ജോളിയാമ്മ ജോസഫ് എന്ന ജോളിയുടെ (47) സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ അവരുടെ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂരിനെ അനുവദിക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഇത് തികച്ചും സംശയാസ്പദമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ആയുധമാക്കുമെന്നതിനാല്‍ നിയമവിരുദ്ധമായി പരീക്ഷണാര്‍ഥം നല്‍കിയ അപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി.

കേസുകളില്‍ വാദം കേള്‍ക്കല്‍ അടുത്ത മാസം 11ന് മാറ്റി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവദിക്കണമെന്ന് അഡ്വ. ആളൂര്‍ അപേക്ഷ നല്‍കിയത്. 30 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുണ്ടെന്നും നാലാം പ്രതി മനോജ് ഉള്‍പ്പെടെ ജോളിക്ക് പണം നല്‍കാനുണ്ടെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അനുകൂലമായി മൊഴി പറയാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള നീക്കമാണ് അപേക്ഷയിലുള്ളതെന്ന് പ്രോസിക്യൂഷന്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പണം കൊടുക്കാനുള്ളവരുടെ പേരോ ജോളിയുടെ അപേക്ഷക്കൊപ്പം സത്യവാങ്മൂലമോ ഇല്ലാത്തതിനാല്‍ ഹര്‍ജിക്ക് നിയമ സാധുതയില്ല.

എതിരായി പറയുന്ന സാക്ഷികള്‍ക്കെതിരെ പണമിടപാട് ആരോപണവും ഭീഷണിയും ഉയര്‍ത്താന്‍ സാധ്യതവരുമെന്നും ഇത്തരം അപേക്ഷകള്‍ അനുവദിക്കരുതെന്നും പ്രോസിക്യൂട്ടറുടെ എതിര്‍ഹരജിയില്‍ പറയുന്നു.

Exit mobile version