പാലക്കാട്: മുനിസിപ്പാലിറ്റിയില്‍ ശ്രീരാമന് ജയ് വിളിച്ചുകൊണ്ടുള്ള ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പുതിയ ന്യായീകരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബാനര്‍ ഉയര്‍ത്തിയതില്‍ തെറ്റില്ലെന്നുമാണ് സന്ദീപിന്റെ വാദം. ബാനറില്‍ ശ്രീരാമന്റെ പേര് വച്ചതില്‍ തെറ്റില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ പതിപ്പില്‍ ശ്രീരാമന്റേയും ലക്ഷ്മണന്റേയും സീതയുടേയുമൊക്കെ ചിത്രമുണ്ട്. ശ്രീരാമന് ജയ് വിളിച്ച് ബാനര്‍ തൂക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഒരു തെറ്റുമില്ലെന്നും സന്ദീപ് വാര്യര്‍ പറയുന്നു.
ശ്രീരാമന് ജയ് വിളിക്കുന്നത് ഭരണഘടനയെ നിരസിക്കുന്ന നടപടിയല്ല. ഭരണഘടനയില്‍ ഏത് മൂല്യങ്ങളാണോ ഉള്‍ക്കൊള്ളുന്നത് അത് തിരിച്ചറിഞ്ഞാണ് ജയ് ശ്രീറാം എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസിനും സിപിഐഎമ്മിനുമൊക്കെ സാധിക്കുമെങ്കില്‍ അവര്‍ ചെയ്‌തോട്ടെ. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയില്‍ പറഞ്ഞ മറ്റൊരു ചിത്രവും എന്തുകൊണ്ട് എടുത്തില്ല എന്ന ചോദ്യത്തിന് ശ്രീരാമനെ ഇഷ്ടപ്പെടുന്നതുകൊണ്ട് ബാനറില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി. നടപടി ആരെയും വേദനിപ്പിക്കില്ല. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പാലക്കാട് വീണ്ടും ബിജെപി അധികാരത്തില്‍ വരും. അന്ന് നടപടി ആവര്‍ത്തിക്കും. ശ്രീരാമന് ജയ് വിളിച്ചുള്ള ബാനര്‍ വീണ്ടും ഉയര്‍ത്തുമെന്നും സന്ദീപ് വെല്ലുവിളിയും നടത്തി.
Discussion about this post