തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കി. എൽഡിഎഫിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽമീഡിയ. അണികളും ആവേശത്തോട ആഹ്ലാദപ്രകടനവുമായി മുന്നിലുണ്ട്. എന്നാൽ വിജയമാഘോഷിക്കുന്ന ഇടതുമുന്നണി അണികളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര സംവിധായകൻ അരുൺ ഗോപി.
വിജയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യത്തിലധികം ആഹ്ലാദിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ‘മൂക്കുംകുത്തി വീഴുമെന്നാണ് അരുൺ ഗോപി സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.
‘ഞാൻ ഇടതുപക്ഷ അനുഭാവിയാണ്. യഥാർഥത്തിൽ ഇപ്പോൾ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയിൽ പോയാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാൽ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും.’- അരുൺ ഗോപിയുടെ വാക്കുകൾ ഇങ്ങനെ.
പ്രതിപക്ഷ പാർട്ടികൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് എൽഡിഎഫ് വിജയിച്ചതെന്നാണ് അരുണിന്റെ അഭിപ്രായം. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമായിരുന്നുവെങ്കിലും അത് വേണ്ടവിധം മുതലെടുക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും അരുൺ ഗോപി അഭിപ്രായപ്പെട്ടു.
ഇത്തരത്തിൽ അഴിമതി ആരോപണം യുഡിഎഫിന് എതിരായാണ് വന്നിരുന്നതെങ്കിൽ അത് എൽഡിഎഫ് മികച്ച രീതിയിൽ ഉപയോഗിക്കുമായിരുന്നെന്നും സംവിധായകൻ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റതാണെന്നും പ്രധാന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ മുന്നണി പാകപ്പെട്ടിട്ടില്ലെന്നും അരുൺ ഗോപി പ്രതികരിച്ചു.