കോഴിക്കോട്: പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്നോട്ട് പോയതിന്റെ നിരാശയിൽ ബിജെപി സംസ്ഥാന നേതൃത്വം. വോട്ട് ശതമാനവും വിജയിച്ച വാർഡുകളുടെ എണ്ണവും വർധിച്ചെങ്കിലും വിജയം അകന്നു നിന്നതോടെ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര നേതൃത്വത്തെ കാരണങ്ങൾ ബോധിപ്പിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. മത്സരിച്ച് പ്രമുഖ നേതാക്കളായ ബി ഗോപാലകൃഷ്ണൻ, എസ് സുരേഷ് ഉൾപ്പെടെയുള്ളവരുടെ പരാജയവും പാർട്ടിക്ക് ക്ഷീണമായി.
തിരുവനന്തപുരം കോർപറേഷൻ പിടിക്കുമെന്ന ഉറച്ച പ്രതീക്ഷ അപ്പാടെ വെള്ളത്തിലായതാണ് കൂട്ടത്തിലെ ഏറ്റവും വലിയ നിരാശ. തലസ്ഥാനം പിടിക്കാനായാൽ കേന്ദ്രനേതൃത്വത്തിന് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാമെന്ന് സംസ്ഥാനത്തെ ബിജെപി പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കോർപ്പറേഷനിൽ സംഭവിച്ചത്. എൽഡിഎഫിന്റെ തിരുവനന്തപുരത്തെ വിജയം ബിജെപി വലിയ നിരാശയായി.
അതേസമയം, ബിജെപി രണ്ടാംസ്ഥാനത്തെത്തിയ ഇടങ്ങളിൽ നേരിയ വോട്ട് വ്യത്യാസം മാത്രമെ ഉണ്ടായുള്ളൂവെന്നും നേതൃത്വം നിരീക്ഷിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ 2015നെക്കാൾ വർധനവുണ്ടായെങ്കിലും ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കാനായില്ല.
ഇതിനിടെ, ബിജെപിയിലെ പ്രമുഖ നേതാക്കൾ ഇടഞ്ഞുനിന്നിട്ടും അതുകാര്യമാക്കാതെ മുന്നോട്ട് പോയതാണ് ജയത്തിന്റെ തിളക്കം കുറച്ചതെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കഴിവില്ലായ്മയാണ് ഇതെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടഞ്ഞു നിന്ന നേതാക്കളെ പാർട്ടിയോട് അടുപ്പിക്കുന്നതിൽ സുരേന്ദ്രൻ പരാജയപ്പെട്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. സുരേന്ദ്രനോട് എതിർപ്പുള്ള വിഭാഗം ഇത് വലിയ ചർച്ചയാക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ബിജെപിക്ക് എതിരായി യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചെന്നാണ് കെ സുരേന്ദ്രൻ ആരോപിക്കുന്നത്.
Discussion about this post