തിരൂരങ്ങാടി: യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം വാര്‍ഡില്‍ നാളെ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
ഇന്നലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴാണ് യന്ത്ര തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിദഗ്ദ്ധ എഞ്ചിനിയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്‍ട്രോള്‍ യൂണിറ്റിലെ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് റിപോളിംഗ് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
കിസാന്‍ കേന്ദ്രം വാര്‍ഡിലെ തൃക്കുളം സ്‌കൂളിലാണ് റീപോളിംഗ് നടക്കുക. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് റീപോളിംഗ്. എട്ടുമണിക്ക് മുന്‍സിപ്പാലിറ്റിയില്‍ വോട്ടെണ്ണല്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
അതേസമയം റിപോളിംഗ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ വീണ്ടും പ്രചാരണത്തില്‍ സജീവമായിരിക്കുകയാണ്. 39 സീറ്റുള്ള നഗരസഭയില്‍ 33 സീറ്റും നേടി യുഡിഎഫ് അധികാര കസേര ഉറപ്പിച്ചെങ്കിലും റിപോളിംഗ് മുന്നണികള്‍ക്ക് അഭിമാനപോരാട്ടം തന്നെയാണ്. തോല്‍വിയുടെ നാണക്കേട് മാറ്റാന്‍ എല്‍ഡിഎഫിന് ജയം അനിവാര്യമാകുമ്പോള്‍ സര്‍വാധിപത്യം ഉറപ്പിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.