തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിചാരിച്ച നേട്ടമുണ്ടാക്കാനാകാതെ പോയ നിരാശയിലാണ് ബിജെപി. ഇതിനിടെ ബിജെപിക്ക് ക്ഷീണം പറ്റിയതോടെ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ മുമ്പത്തെ പ്രസ്താവന ആഘോഷമാക്കുകയാണ് ട്രോളന്മാർ.
ഒരായിരം പഞ്ചായത്ത് ഞങ്ങൾക്ക് തരൂവെന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ സുരേഷ് ഗോപിയുടെ പ്രസംഗത്തെ ട്രോളന്മാർ ട്രോളിക്കൊല്ലുകയാണ്. ആയിരം ചോദിച്ചിട്ട് 50 പോലും തന്നില്ലല്ലോ എന്നാണ് സോഷ്യൽമീഡിയയുടെ പരിഹാസം.
കോഴിക്കോട് നടന്ന പ്രചാരണപരിപാടിയിലാണ് സുരേഷ് ഗോപി ആയിരം പഞ്ചായത്ത് ആവശ്യപ്പെട്ടത്. എന്നാൽ, കേരളത്തിൽ ആകെ 941 പഞ്ചായത്തുകൾ മാത്രമേയുള്ളൂവെന്നും ആയിരം തരാൻ നിർവാഹമില്ലെന്നും അന്നു തന്നെ ട്രോളന്മാർ സോഷ്യൽമീഡിയയിലൂടെ എംപിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നടത്തിയ ‘തൃശൂർ ഞാനിങ്ങെടുക്കുവാ’ പ്രസ്താവനയും ട്രോളന്മാർ വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു.
തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണ പ്രസംഗത്തിൽ ബിജെപി പ്രവർത്തകനാണ് താനെന്ന് അഭിമാനത്തോടെ പറയുമെന്നും അതിന്റെ പേരിൽ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാൽ കുഴപ്പമില്ലെന്നും വേദിയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ 23 പഞ്ചായത്തുകളിൽ മാത്രമാണ് ബിജെപി സഖ്യം മുന്നിലെത്തിയത്. തിരുവനന്തപുരം കോർപറേഷൻ ബിജെപി വിജയിക്കുമെന്ന സുരേഷ് ഗോപിയുടെ ആത്മവിശ്വാസവും തകിടം മറിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫിന് 52 സീറ്റുമായി വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post