തൃശൂര്‍: സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംഘടിത നീക്കമാണ് തോല്‍വിക്ക് കാരണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മാധ്യമ പ്രവര്‍ത്തകരോടായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. രാഷ്ട്രീയപരമായി സിപിഎമ്മിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
തൃശ്ശൂരില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടന്‍കുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയം കൈവരിച്ചത്. വളരെ സുരക്ഷിതമായ സീറ്റെന്ന നിലയിലാണ് എന്‍ഡിഎ ഇവിടെ ബി ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്.
ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍;
ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള വ്യക്തിയെന്ന നിലയില്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പക്ഷേ ആ പരാജയം സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ല എന്ന സംഘടിത നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണ്. സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന ഒരു നേതാവിന്റെ കീഴില്‍ തൃശൂര്‍ ജില്ല സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഒരാളെ ചുമതലപ്പെടുത്തി.
ചുമതലപ്പെടുത്തിയ ആള്‍ അവിടെവന്ന് സര്‍ക്കുലര്‍ ഇറക്കി സിപിഎമ്മിന്റെയും അതുവഴി കൃത്യമായ ജാതി രാഷ്ട്രീയത്തിന്റെയും സങ്കലനമുണ്ടാക്കിയാണ് പരാജയപ്പെടുത്തിയത. പക്ഷേ രാഷ്ട്രീയമായി ബിജെപി പരാജയപ്പെട്ടിട്ടില്ല. രാഷ്ട്രീയമായി സിപിഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയോ പരാജയപ്പെടുത്താന്‍ കഴിയില്ല, അതിശക്തമായ പ്രക്ഷോഭവും അതിശക്തമായ സംഘടനാപരമായ ചുമതലയുമായി ഈ കോര്‍പ്പറേഷനില്‍ തന്നെയുണ്ടാം.