തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ-ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും നേട്ടമുണ്ടാക്കിയ പാർട്ടികളുടെ കൂട്ടത്തിൽ എസ്ഡിപിഐയുമുണ്ട്. ഒറ്റയ്ക്ക് മത്സരിച്ച് എസ്ഡിപിഐ കൈക്കലാക്കിയത് 102 സീറ്റിന്റെ വമ്പൻ നേട്ടം. സംസ്ഥാനത്ത് വിവിധയിടങ്ങളിലായാണ് 102 സീറ്റുകൾ എസ്ഡിപിഐ നേടിയത്.
വെൽഫെയർ സഖ്യത്തിന്റെ പേരിൽ മുന്നണികൾ ആരോപണ-പ്രത്യാരോപണങ്ങളിൽ മുങ്ങിയതോടെ പ്രാദേശിക സാഹചര്യത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ നിർത്തിയാണ് എസ്ഡിപിഐ നേട്ടം കൊയ്തത്.
2015 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 47 സീറ്റുണ്ടായിരുന്ന പാർട്ടിയാണ് ഇത്തവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ നൂറിലധികം സീറ്റുകൾ നേടിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്ന് മുന്നണികളോടും എസ്ഡിപിഐ കടുത്ത പോരാട്ടം കാഴ്ചവെച്ചു.
200 ലധികം ഇടങ്ങളിലാണ് എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ പല വാർഡുകളിലും 10 ൽ താഴെ വോട്ടുകൾക്കാണ് എസ്ഡിപിഐ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതെന്നതും ശ്രദ്ധേയം. ആലപ്പുഴ, പെരുമ്പാവൂർ, ചിറ്റൂർ തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപാലിറ്റികളിൽ അക്കൗണ്ട് തുറന്ന പാർട്ടി പത്തനംതിട്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളിൽ നിർണായക സാന്നിധ്യമായി.
ഈരാറ്റുപേട്ട മുനിസിപാലിറ്റിയിൽ അഞ്ചു സീറ്റും പത്തനംതിട്ട മുനിസിപാലിറ്റിയിൽ നാലു സീറ്റും കണ്ണൂർ ഇരിട്ടി മുനിസിപാലിറ്റിയിൽ മൂന്നു സീറ്റും നേടി. പത്തനംതിട്ട മുൻസിപാലിറ്റിയിലും ഈരാറ്റുപേട്ട മുൻസിപാലിറ്റിയിലും ഇരിട്ടി മുൻസിപാലിറ്റിയിലും ഭരണകക്ഷിയെ തീരുമാനിക്കാനുള്ള ഊഴവും എസ്ഡിപിഐയ്ക്കാണ്.
തിരുവല്ല മുനിസിപാലിറ്റിയിൽ സിറ്റിങ് സീറ്റ് നിലനിർത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബഡാജെ ഡിവിഷനിൽ ഹമീദ് ഹൊസങ്കടി വിജയിച്ചു. കൊല്ലം കോർപ്പറേഷനിലെ സിറ്റിങ് സീറ്റ് എസ്ഡിപിഐ ഇത്തവണ നിലനിർത്തി.
മലപ്പുറത്ത് ആതവനാട് പഞ്ചായത്തിൽ സകരിയ പുത്തനത്താണിയിലൂടെ എസ്ഡിപിഐ അക്കാൗണ്ട് തുറന്നതും ശ്രദ്ധേയമായി. ലീഗ്-യുഡിഎഫ് കോട്ടകളിൽ എസ്ഡിപിഐ നടത്തുന്ന മുന്നേറ്റവും വാർത്താപ്രാധാന്യം നേടുകയാണ്. മലപ്പുറത്ത് എസ്ഡിപിഐ 10 സീറ്റുകളാണ് ആകെ നേടിയത്.
കണ്ണൂർ മുഴുപ്പിലങ്ങാട് പഞ്ചായത്തിൽ നേടിയ എസ്ഡിപിഐ വിജയം സിപിഎം സഹായത്തോടെയെന്ന് ആരോപിച്ച് കെ സുധാകരൻ എംപി രംഗത്തെത്തിയിരുന്നു. എന്നാൽ, വോട്ടുമറിച്ചത് ബിജെപി ആണെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.
Discussion about this post