തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായത് ആവേശകരമായ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വതലങ്ങളിലും മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു ഇടതുമുന്നണി. ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
നമ്മൾ ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും വിജയമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തേയും അതിന്റെ നേട്ടങ്ങളേയും തകർക്കാൻ ശ്രമിക്കുന്നവർക്ക് നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ദല്ലാൾമാർക്കും കുപ്രചാരകർക്കുമടക്കം കേരളീയർ ഉചിതമായ മറുപടിയാണ് നൽകിയത്. യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടെ അവകാശവാദങ്ങൾ ഒരിക്കൽകൂടി തകർന്നടിഞ്ഞിരിക്കുന്നു. വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ ഇടമില്ല എന്നതുകൂടി ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post