തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (15), മറ്റത്തൂര്‍ (8, 10), കടവല്ലൂര്‍ (സബ് വാര്‍ഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാര്‍ഡ് 7), കടുകുറ്റി (സബ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂര്‍ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 450 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം കേരളത്തില്‍ ബുധനാഴ്ച 6185 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2707 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5295 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 770 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5728 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 58,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,22,394 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,99,057 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,138 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1678 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.