പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിനോടുള്ള സാമ്യത കൊണ്ട് സോഷ്യൽമീഡിയയിലടക്കം ചർച്ചയായ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മിന്നും വിജയം. ജില്ലാ പഞ്ചായത്തിൽ മലയാലപ്പുഴ ഡിവിഷനിൽനിന്ന് മത്സരിച്ച ജിജോ മോഡിയാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ മിന്നും വിജയത്തോടെ ചെങ്കൊടി പാറിച്ചത്. 15199 വോട്ടുകൾ നേടിയ ജിജോ മോഡി 2073 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് കന്നിമത്സരത്തിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ സാമുവൽ കിഴക്കുപുറത്തിന് 13126 വോട്ടുകളാണ് ലഭിച്ചത്.
ജിജോ മോഡി എന്ന മുഴുവൻ പേര് വിളിക്കുന്നവർ കുറവാണ്. അടുപ്പമുള്ളവർ ഉൾപ്പടെ ജോജിയെ മോഡിയെന്ന് തന്നെയാണ് വിളിക്കുക. പ്രധാനമന്ത്രിയുടെ ആശയങ്ങളെ എതിർത്ത് പ്രസംഗിക്കുന്നവർ അവസാനം നമ്മുടെ മോഡിയെ അല്ല കേട്ടോ പറഞ്ഞത് എന്ന് പറയുന്നതും സ്വഭാവികം.
ഒരിക്കൽ, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ പോയപ്പോൾ പ്രധാനമന്ത്രിയുടെ ആളാണല്ലേ എന്ന ചോദ്യത്തിന് അല്ല മുഖ്യമന്ത്രിയുടെ ആളാണെന്നായിരുന്നു ജിജോയുടെ ഉത്തരം. നരേന്ദ്രമോഡിയുടെ പേര് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോൾ തന്നെ പത്തനംതിട്ടയിലെ മോഡിയും നാട്ടുകാർക്കിടയിൽ താരമായിരുന്നു.
കോൺഗ്രസ് അനുഭാവമുള്ള കുടുംബത്തിൽനിന്നാണ് ജിജോ മോഡി സിപിഎമ്മിലേക്ക് എത്തുന്നത്. 15ാം വയസ്സിൽ എസ്എഫ്ഐയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം.നിലവിൽ സിപിഎം കോന്നി താഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കോന്നി മാർക്കറ്റിങ് ഫിനാൻഷ്യൽ ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
മോഡിയിൽ എന്ന കുടുംബപേരാണ് പിതാവ് ജോർജ് മോഡിയിൽ പരിഷ്കരിച്ച് മോഡി എന്നാക്കിയതോടെയാണ് ജിജോയുടെ പേര് വ്യത്യസ്തമായത്. മോഡിയുടെ ആശയത്തോട് എതിർപ്പുള്ളൂവെന്നും പേരിനോട് എതിർപ്പില്ലെന്നും വ്യക്തമാക്കുന്ന ജിജോ പിതാവ് ചാർത്തി നൽകിയ മോഡി എന്ന പേര് തന്റെ മക്കൾക്കും നൽകിയിട്ടുണ്ട്. സൈനിക മോഡി, നൈനിക മോഡി എന്നിങ്ങനെയാണ് ജിജോയുടെ മക്കളുടെ പേരുകൾ. ഭാര്യ മോനിഷയാണ്.
Discussion about this post