കോഴിക്കോട്: സ്ഥാനാർത്ഥിത്വം വിവാദമായതോടെ എൽഡിഎഫ് പിന്തുണ പിൻവലിച്ചോടെ സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് ഫൈസലിന് കൊടുവള്ളി നഗരസഭയിൽ വൻവിജയം. ഫൈസൽ സ്വതന്ത്രനായി മത്സരിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ഐഎൻഎല്ലിന്റെ സ്ഥാനാർത്ഥി അബ്ദുൾ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്നത് അമ്പരപ്പായിരിക്കുകയാണ്.
അതേസമയം, കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനായതോടെയാണ് എൽഡിഎഫ് കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചത്.
സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പിന്നീട് ഐഎൻഎൽ നേതാവ് അബ്ദുൾ റഷീദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തുടർന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായത്. കഴിഞ്ഞ തവണ പറമ്പത്തുകാവിൽനിന്ന് കാരാട്ട് ഫൈസൽ എൽഡിഎഫ് സീറ്റിൽ വിജയിച്ചിരുന്നു.
നേരത്തെ, ഐഎൻഎൽ സ്ഥാനാർത്ഥി എൽഡിഎഫിന്റെ ഡമ്മി സ്ഥാനാർത്ഥിയാണെന്നു യുഡിഎഫ് ആരോപിച്ചിരുന്നു.
Discussion about this post