തിരുവനന്തപുരം: അനികൃതമായി അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ ജോലി തെറിപ്പിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിലെ 380 ഡോക്ടർമാരടക്കം നാനൂറിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കാരണം കാണിക്കൽ നോട്ടീസും മറ്റും നടപടിക്രമങ്ങളും പൂർത്തിയായതോടെയാണ് ഇവരെ പുറത്താക്കിയത്. സർവീസ് ചട്ടം 15 പ്രകാരം അച്ചടക്കനടപടിക്രമങ്ങളിലെ വ്യവസ്ഥകൾ പാലിച്ച് ഇവരെ ഒഴിവാക്കി പകരം നിയമനം നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അന്തിമ നോട്ടീസ് നൽകുകയായിരുന്നു. പട്ടികയിൽ ഉൾപ്പെട്ട പലർക്കും ചൊവ്വാഴ്ച തന്നെ ഉത്തരവ് നൽകിയിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയവരിൽ പലരും മറുപടിപോലും നൽകിയിരുന്നില്ല.
സർവീസ് ക്വാട്ടയിൽ ഉപരിപഠനം നടത്തിയിട്ടുള്ളവരിൽ നിന്ന് ബോണ്ട് തുക തിരിച്ചുപിടിച്ചാണ് നടപടി പൂർത്തിയാക്കുന്നത്. ആവശ്യമെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി പിടിമുറുക്കിയിട്ടും പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചിട്ടും സേവനത്തിന് എത്തിച്ചേരാത്ത സാഹചര്യത്തിലാണ് അവധിക്കാരെ ഒഴിവാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സർവീസിൽ നിയമിതരായ ജീവനക്കാർ അനധികൃതമായി വിട്ടുനിൽക്കുന്നതാണ് പ്രധാന പ്രശ്നമെന്നും കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് അനധികൃതാവധിയിലുള്ളവർക്ക് തിരികെ സർവീസിൽ പ്രവേശിക്കാൻ പ്രത്യേക നോട്ടീസും ദൃശ്യമാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പും നൽകിയിരുന്നു. ഒരുവർഷത്തെ ഇടവേളയ്ക്കുള്ളിൽ രണ്ടുതവണ അവസരം നൽകിയിട്ടും തിരികെ എത്താത്ത ജീവനക്കാരെ നീക്കംചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post