കോഴിക്കോട്: വോട്ടെണ്ണല്‍ ദിവസം സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോടും മലപ്പുറത്തുമാണ് നിരോധനാജ്ഞ. കോഴിക്കോട്ട് അഞ്ചിടത്താണ് പ്രഖ്യാപിച്ചത്. വടകര, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്പ്ര പോലീസ് സ്റ്റേഷന് പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ വൈകിട്ട് ആറുമണി വരെയാണ് നിരോധനാജ്ഞ.
മലപ്പുറം ജില്ലയില്‍ നാളെ മുതല്‍ 22 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിരോധനാജ്ഞ. രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ പ്രകടനങ്ങളും സമ്മേളനങ്ങളും അനുവദിക്കില്ല.
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കലളക്ടര് അഭ്യര്‍ഥിച്ചു.