കൊച്ചി: സാരിയിൽ തൂങ്ങി ഇറങ്ങി ഫ്ളാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ വീട്ടുടമയായ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. മരിച്ച കുമാരിയെ ഇംതിയാസ് തമിഴ്നാട്ടിൽ നിന്നാണ് എത്തിച്ചത്. ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച് വീട്ടിൽ പൂട്ടിയിടുകയായിരുന്നു. ഈ സംഭവത്തിലാണ് ഫ്ളാറ്റ് ഉടമയ്ക്കെതിരെ പോലീസ് മനുഷ്യക്കടത്തിന് കേസെടുത്തത്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതി ഇംതിയാസ് ഒളിവിലാണെന്ന് പോലീസ് പറയുന്നു.
ഇതിനിടെ, ഇംതിയാസ് അഹമ്മദ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ഇയാളോട് മുൻകൂറായി വാങ്ങിയ പതിനായിരം രൂപ കുമാരി മടക്കി നൽയിരുന്നില്ല. പിന്നീട്, കുമാരി നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ പേരിലാണ് ഇംതിയാസ് ജോലിക്കാരിയെ അടുക്കളയിൽ പൂട്ടിയിട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്ന് അർധരാത്രി സാരിയിൽ തൂങ്ങിയിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ സേലം സ്വദേശിനി കുമാരി ആശുപത്രിയിൽ മരിച്ചത്. സേലത്തുനിന്നെത്തിയ ഭർത്താവ് ശ്രീനിവാസൻ ചികിത്സാ സമയത്തു തന്നെ ആശുപത്രിയിൽ ഉണ്ടായിരുന്നു. കേസിൽ നിന്ന് പിൻമാറിയാൽ പണം നൽകാമെന്ന് ഫ്ളാറ്റ് ഉടമയുടെ ബന്ധുക്കൾ വാഗ്ദാനം ചെയ്തതായി കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ ആരോപിച്ചിരുന്നു. കാഴ്ച പരിമിതിയുള്ള തന്നെ നിർബന്ധിച്ച് വെള്ളപേപ്പറിൽ ഒപ്പുവെപ്പിച്ചതായും ശ്രീനിവാസൻ ആരോപിച്ചു. കേസിൽ ഇടപെട്ട വനിതാ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Discussion about this post