ആൾമാറാട്ടമല്ല, കള്ളവോട്ടുമല്ല; പക്ഷെ മകന്റെ വോട്ട് ചെയ്തത് പിതാവ്; കണ്ടെത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്; പുലിവാല് പിടിച്ച് ബൂത്ത് ഏജന്റുമാരും പോളിങ് ഓഫീസറും

Muneer | Kerala news

മംഗൽപാടി: മകന്റെ വോട്ട് രേഖപ്പെടുത്തി പിതാവ് പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇക്കാര്യം തിരിച്ചറിയാതെ ജോലി തുടർന്ന് പോളിങ് ബൂത്തിലെ ഓഫീസർമാരും ഏജന്റുമാരും. വിചിത്രമായ ഈ സംഭവം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ മംഗൽപാടിയിലാണ് അരങ്ങേറിയത്. ആളു മാറി വോട്ട് രേഖപ്പെടുത്തിയെങ്കിലും ഇത് ആൾമാറാട്ടവുമല്ല, കള്ളവോട്ടുമല്ല.

മംഗൽപാടി പഞ്ചായത്ത് പെരിങ്കടി വാർഡിൽ പത്തരയോടെ വോട്ട് ചെയ്യാനായി എംഎം അസ്ലം എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അസ്ലമിന്റെ വോട്ട് നേരത്തെ തന്നെ സ്വന്തം വോട്ട് പിതാവ് ചെയ്ത് മടങ്ങിയിരുന്നു. ഇതോടെ പോളിങ് ബൂത്തിലെത്തിയപ്പോൾ അസ്ലമിന് വോട്ടില്ല.

10.30നാണ് മംഗൽപാടി ഗവ. എച്ച്എസ്എസിലെ രണ്ടാംനമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാനായി കഥയിലെ നായകൻ അസ്‌ലം എത്തിയത്. പത്തുപേരോളമുള്ള ചെറിയ വരി കടന്ന് വോട്ടിന് വരയിടാൻ കൈനീട്ടിയപ്പോഴാണ് പോളിങ് ഓഫീസർ ‘ഈ വോട്ട് ചെയ്തതാണ്’ എന്ന് വിളിച്ചുപറഞ്ഞത്. ഇതോടെ ആകെ കലുഷിതമായി അന്തരീക്ഷം. കള്ളവോട്ട് നടന്നെന്ന സംശയവും ഉയർന്നു. താനറിയാതെ എങ്ങനെ തന്റെ വോട്ട് യന്ത്രത്തിൽ കയറിയെന്നായിരുന്നു അസ്ലമിന്റെ സംശയം.

എന്നാൽ സംഭവങ്ങൾ ഒന്ന് റിവൈൻഡ് ചെയ്തപ്പോഴാണ് രണ്ട് മണിക്കൂർ മുമ്പ് വോട്ടുചെയ്യാനെത്തിയ പിതാവ് മുനീർ തന്നെയാണ് മകൻ അസ്ലമിന്റെ വോട്ട് ചെയ്തതെന്ന് വ്യക്തമായത്. വോട്ടിങ് സ്ലിപ്പ് മാറിപ്പോയതാണ് എല്ലാ ആശയക്കുഴപ്പങ്ങൾക്കും കാരണമായത്.

രാവിലെ 8.30യോടെയാണ് ഇതേ ബൂത്തിലെത്തി മുനീർ വോട്ടിട്ടത്. വോട്ടിങ് സ്ലിപ്പ് വീട്ടിൽ നിന്നും എടുത്തപ്പോൾ അത് മാറിപ്പോവുകയായിരുന്നു. മുനീർ സ്വന്തം സ്ലിപ്പിന് പകരം മകൻ അസ്ലമിന്റെ സ്ലിപ്പ് മാറി പോക്കറ്റിലിടുകയായിരുന്നു.

പിന്നീട് എല്ലാം സാധാരണ പോലെ ബൂത്തിലെത്തി സ്ലിപ്പ് കാണിച്ച് ഒപ്പിട്ട് കൈയ്യിൽ മഷി പുരട്ടി നേരെ വോട്ടും ചെയ്ത് വീട്ടിലേക്ക് മടങ്ങി. എന്നാൽ മുനീറിന്റെ പേരിന് പകരം ബൂത്തിലെ പോളിങ് ഏജന്റുമാർ വെട്ടിയത് വോട്ടിങ് സ്ലിപ്പ് നോക്കി പോളിങ് ഓഫീസർ വിളിച്ചുപറഞ്ഞ അസ്ലമിന്റെ പേരായിരുന്നു. സ്ലിപ്പ് നോക്കി പോളിങ് ഉദ്യോഗസ്ഥൻ കൃത്യമായി അസ്‌ലമിന്റെ പേര് വിളിക്കുകയും ആർക്കും എതിർപ്പില്ലാത്തതിനാൽ മുനീർ പോയി വോട്ട് ചെയ്യുകയുമായിരുന്നു.

ആശയക്കുഴപ്പം നീക്കി സംഭവങ്ങൾ വ്യക്തമായെങ്കിലും വോട്ടില്ലാതെ കുഴങ്ങിയിരിക്കുന്ന അസ്ലമിന് പോളിങ് ഓഫീസറും റിട്ടേണിങ് ഓഫീസറും ഇടപെട്ട് ടെൻഡർ വോട്ട് ചെയ്യാൻ അവസരമൊരുക്കുകയായിരുന്നു. അപ്പോഴേക്കും കാര്യങ്ങളറിഞ്ഞ് മകന്റെ വോട്ടിട്ട പിതാവും ബൂത്തിലെത്തി.

‘സ്ലിപ്പ് മാറിയതായിരുന്നു പ്രശ്‌നം, ആരും ഒന്നും പറയാത്തതിനാൽ ഞാൻ വോട്ട് ചെയ്തു’ മുനീർ തന്റെ വ്യക്തമാക്കി. ‘ആദ്യമൊരു അമ്പരപ്പുണ്ടായിരുന്നു. കാര്യങ്ങൾ മനസ്സിലായതോടെ എല്ലാം ശരിയായി, ഒരു പരാതിയുമില്ല’, അസ്‌ലം പ്രതികരിച്ചതിങ്ങനെ. എങ്കിലും 55കാരനായ മുനീറിനെ കണ്ടിട്ടും 25കാരനായ മകന്റെ വോട്ട് ചെയ്യാൻ അനുവാദം നൽകിയത് ആരുടെ പിശകാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Exit mobile version