പോസ്റ്റൽ ബാലറ്റ് കാണാനില്ല; രാഷ്ട്രീയ ഇടപെടൽ എന്ന് ആരോപണം; പോസ്റ്റ്മാന് എതിരെ കേസ്

postal vote

നെടുമങ്ങാട്: തിരുവനന്തപുരത്ത് വീണ്ടും പോസ്റ്റൽ വോട്ട് വിവാദം. ക്വാറന്റീനിൽ കഴിയുന്നയാൾക്ക് അനുവദിച്ച പോസ്റ്റൽ ബാലറ്റ് കാണാനില്ലെന്നാണ് പരാതി. വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച് സമരം നടത്തി.

വട്ടപ്പാറ വേങ്കോട് പോസ്റ്റ്ഓഫീസിൽ എത്തിയ പോസ്റ്റൽ ബാലറ്റാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പോസ്റ്റ്മാൻ ബാലചന്ദ്രന്റെ കൈയിൽ നിന്നാണ് ബാലറ്റ് കാണാതായത്. കൂടാതെ പോസ്റ്റ്മാന്റെ മൊബൈൽ ഫോണും 300 രൂപയും നഷ്ടപ്പെട്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്.

ബാലറ്റ് ലഭിക്കാത്ത ഒരു വോട്ടർ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോൾ ആണ് ബാലറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പോസ്റ്റൽ ബാലറ്റ് കാണാതായതോടെ പോസ്റ്റ് മാസ്റ്റർ ശ്രീലക്ഷ്മിയുടെ പരാതിയിൽ നെടുമങ്ങാട് പോലീസ് കേസെടുത്തതായി നെടുമങ്ങാട് സിഐ വി രാജേഷ് കുമാർ പറഞ്ഞു.

സംഭവം അറിഞ്ഞെത്തിയ യുഡിഎഫ് ജില്ലാ സ്ഥാനാർത്ഥി തേക്കട അനിൽകുമാർ, കരുപ്പൂർ സുരേഷ്, ബാബുരാജ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും ചേർന്ന് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഒടുവിൽ ഉച്ചയോടെ പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് വിവാദമായ പോസ്റ്റൽവോട്ട് ക്രമക്കേട് നടന്നത് വട്ടപ്പാറയിലായിരുന്നു.

Exit mobile version