വടകര: വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും കൈപ്പത്തി ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്താനാകാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിലാണ് വിചിത്രമായ വോട്ടെടുപ്പ് അരങ്ങേറിയത്. കല്ലാമല ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കം നേരത്തെ മുതല്‍ നിലനിന്നിരുന്നു.
കല്ലാമല ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എംപിയിലെ സി സുഗതന് മാസ്റ്ററെ നര്ത്തിയപ്പോള്, ഡിസിസിയെ മറികടന്ന് കെപിസിസി അധ്യക്ഷന്‍ കെപി ജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി. കൈപ്പത്തി ചിഹ്നവും അനുവദിച്ചു. എന്നാല്‍ വടകര എംപി കെ മുരളീധരനും മുസ്ലിം ലീഗും മുല്ലപ്പള്ളിയെ തള്ളി രംഗത്തെത്തിയതോടെ ജയകുമാറിനെ മുല്ലപ്പള്ളിക്ക് പിന്‍വലിക്കേണ്ടി വന്നു.
എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള തീയതി കഴിഞ്ഞതിനാല്‍ പത്രിക പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ജയകുമാറിന്റെ പേരും, കൈപ്പത്തി ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ വന്നു. ഇതോടെയാണ് പാര്‍ട്ടി ചിഹ്നത്തിന് വോട്ട് ചെയ്യാനാകാതെ പാര്‍ട്ടി പ്രസിഡണ്ട് വോട്ട് രേഖപ്പെടുത്തിയത്. രണ്ടാമതായിട്ടായിരുന്നു ജയകുമാറിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉണ്ടായിരുന്നത്.
Discussion about this post