തൃശ്ശൂര്‍: നേരത്തെ വോട്ട് ചെയ്‌തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ മന്ത്രി എ.സി മൊയ്തീനെതിരെ നടപടിയില്ല. ഏഴ് മണിക്കാണ് വോട്ട് തുടങ്ങിയതെന്ന പ്രിസൈഡിംഗ് ഓഫിസറുടെ വിശദീകരണം കമ്മീഷന്‍ അംഗീകരിച്ചു.
തൃശ്ശൂരിലെ തെക്കുംകര കല്ലമ്പാറ ബൂത്തില്‍ 6.55 ന് മന്ത്രി എ.സി. മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് അനില്‍ അക്കരെ എംഎല്‍എ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മീഷന് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്. ചട്ടലംഘനം നടന്നിട്ടില്ലെന്നായിരുന്നു ജില്ലാ കളക്ടര്‍ അറിയിച്ചത്.
പ്രിസൈഡിംഗ് ഓഫിസറുടെ വാച്ചില്‍ ഏഴുമണിയായതിനാലാണ് വോട്ടിംഗ് ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വിശദീകരണം അംഗീകരിച്ചാണ് കമ്മീഷന്‍ മന്ത്രിക്കെതിരെയുള്ള നടപടി ഒഴിവാക്കിയത്.
സ്ഥിരമായി തെരഞ്ഞെടുപ്പില്‍ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി എത്താറുണ്ട്. ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താന്‍ മന്ത്രി മൊയ്തീന്‍ ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകള്‍ ബാക്കിയുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതില്‍ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പറിയിച്ചിരുന്നില്ല.
Discussion about this post