തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് റോഡ് അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ പോലീസ് നിയോഗിച്ചിരിക്കുകയാണ്. പ്രദീപിനെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇടിച്ചിട്ട് പാഞ്ഞുപോയ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. എത്രയും വേഗം പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പ്രദീപ് കൊല്ലപ്പെടുന്നത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. ആക്ടീവ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതാണ് ദുരൂഹതയ്ക്ക് ആക്കം കൂട്ടുനനത്. അപകടമുണ്ടാക്കിയ കാർ ഇതേവരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല.
അപകടത്തിന് ശേഷം കാർ നിർത്താതെ പോയതിനെ സംബന്ധിച്ച് സഹപ്രവർത്തകരും നിരവധി സംശയങ്ങളാണ് ഉയർത്തുന്നത്. അപകടം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചായതിനാൽ പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് കണ്ടെത്തിയത്.
നേരത്തെ, ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയവൺ, മംഗളം തുടങ്ങിയ വാർത്താ ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്ന എസ്‌വി പ്രദീപ് നിലവിൽ ചില ഓൺലൈൻ മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
Discussion about this post