മലപ്പുറം: ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സർക്കാരിനുള്ള പിന്തുണ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്ന് മന്ത്രി കെടി ജലീൽ. ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങളെ സർക്കാർ പട്ടിണിയില്ലാതെ നോക്കി. പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അതിന്റെ തെളിവാണ് താനെന്നും മന്ത്രി പ്രതികരിച്ചു. വളാഞ്ചേരി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കുടുംബ സമേതം എത്തി മന്ത്രി കെടി ജലീൽ വോട്ട് രേഖപ്പെടുത്തവെയാണ് പ്രതികരണം നടത്തിയത്.
രാവിലെ അറസ്റ്റ് ഉച്ചക്ക് അറസ്റ്റ്, രാത്രി അറസ്റ്റ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ? പറഞ്ഞതെല്ലാം പച്ചക്കള്ളമായത് കൊണ്ടാണ് താനിപ്പോഴും ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ഇഡി അന്വേഷിച്ചിട്ടും തനിക്കെതിരെ ഒരു തെളിവും കിട്ടിയില്ല, യുഡിഎഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
സിഎം രവീന്ദ്രൻ കോവിഡാനന്തര ചികിത്സയിലാണ്. അന്വേഷണ ഏജൻസിക്ക് മുന്നിൽ ഒളിച്ച് കളിക്കുന്നതാണെന്ന ആരോപണം ശരിയല്ല. അസ്വസ്ഥത മാറിയാൽ അദ്ദേഹം ഇഡിക്ക് മുന്നിൽ ഹാജരാകും.
ഉയർന്ന പോളിങ് ശതമാനം എൽഡിഎഫിനുള്ള പിന്തുണയെന്ന് കെടി ജലീൽ. സാധാരണ വോട്ട് ചെയ്യാത്തവർ പോലും സർക്കാരിന് പിന്തുണയുമായി രംഗത്തെത്തുന്നു. വെൽഫെയർ പാർട്ടിയുമായി ഉള്ള ബന്ധം ലീഗിന് വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കും. സുന്നി വിഭാഗം ഈ ധാരണയ്ക്ക് എതിരാണ്. മുജാഹിദ് വിഭാഗവും ഈ സഖ്യം അനുകൂലിക്കില്ല. മുസ്ലീം കമ്മ്യൂണിറ്റിയിൽ തന്നെ 90% ആളുകളും ഈ ബന്ധത്തിനെതിരാണെന്നും കെടി ജലീൽ പറഞ്ഞു.
Discussion about this post