കണ്ണൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തില്‍ കലാശിക്കുന്ന ഒന്നാണ് കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. എന്നാല്‍ ഇപ്പോള്‍ ആ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയുറച്ച് നില്‍ക്കുകയാണ്.
വിവാദമുണ്ടാക്കുന്നത് തനിക്കെതിരെ പറയാന്‍ മറ്റൊന്നും ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തദ്ദേശതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ചേരിക്കല്‍ ബേസിക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഒന്നു ക്ഷീണിപ്പിച്ചേക്കാം ഉലച്ചേക്കാം എന്നൊക്കെയായിരുന്നു ചിലരെ പ്രതീക്ഷ. എന്നാല്‍ ബുധനാഴ്ച വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഉലഞ്ഞതും ക്ഷീണിച്ചതും ആരാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം തുറന്നടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍;
ഞങ്ങളെയൊന്ന് ക്ഷീണിപ്പിക്കാം ഒന്നു ഉലച്ചേയ്ക്കാം എന്നൊക്കെയായിരുന്നു കേന്ദ്ര ഏജന്‍സികളെ രംഗത്തിറക്കിയപ്പോള്‍ ഉള്ള പ്രതീക്ഷ. 16-ാം തീയതി വോട്ടെണ്ണുമ്പോള്‍ മനസിലാവും ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ചതെന്നും. ഐതിഹാസിക വിജയമാണ് എല്‍ഡിഎഫ് ഇവിടെ നേടാന്‍ പോകുന്നത്. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവക്ക് കടക്കാം.
ഈ ഘട്ടത്തില്‍ ഇതേ വരെ വോട്ടു ചെയ്തവര്‍ വലിയ പിന്തുണയാണ് എല്‍ഡിഎഫിന് നല്‍കിയത്. ഞങ്ങള്‍ ജയിക്കാന്‍ സാധ്യതയില്ലെന്ന് കണക്കാക്കിയ ചില പ്രദേശങ്ങളുണ്ടായിരുന്നു. അതുപോലും ഞങ്ങളുടേതായി മാറാന്‍ പോകുകയാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. എല്‍ഡിഎഫിന്റെ ഐതിഹാസിക വിജയം ഉറപ്പാക്കുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും. കൊവിഡ് വാക്സിന് സംബന്ധിച്ച തന്റെ പ്രസ്താവന ചര്‍ച്ചയാക്കുന്നത് വേറെയൊന്നും തനിക്കെതിരെ പറയാന്‍ ഇല്ലാതെ വന്നത്. രാജ്യത്ത് കൊവിഡ് ചികിത്സ സൗജന്യമായി നല്കുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ്. അങ്ങനെയുള്ളപ്പോള്‍ ചെറിയൊരു തുകയ്ക്കുള്ള കൊവിഡ് വാക്സിനായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും പണം വാങ്ങുമോ.
ഈ സര്‍ക്കാരിനെതിരെ ഇങ്ങനെയെല്ലാം വിളിച്ചു പറയാമോ എന്ന ആത്മരോക്ഷത്തോടെയാണ് ഞങ്ങളുടേതല്ലാത്ത ആള്ക്കാര് വരെ ഇക്കുറി ഞങ്ങളോടൊപ്പം നില്‍ക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തോടെ യുഡിഎഫിന്റെ മാത്രമല്ല മുസ്ലീം ലീഗിന്റെ മൊത്തം അടിത്തറ ഇളകും.
Discussion about this post