തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാഘട്ട തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ കോവിഡ് പ്രതിരോധ വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
മുഖ്യമന്ത്രിക്ക് എതിരെ ചട്ട ലംഘനത്തിന് കേസ് എടുക്കണം എന്നും തെരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം നയപരമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ പാടില്ലന്ന് ചട്ടം നിലനില്‍ക്കെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെ മുഖ്യമന്ത്രി സര്‍ക്കാരിന്റെ നയപരമായ വാഗ്ദാനം നടത്തിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിങ്കളാഴ്ച മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്നാണു മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയതെന്നതും ചട്ടലംഘനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പ്രധാന തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടണമെന്നാണ് വ്യവസ്ഥ. അത്തരത്തില്‍ അദ്ദേഹം അനുമതിയില്ലാതെയാണ് ഈ പ്രഖ്യാപനം നടത്തിയത് എങ്കില്‍, പരാതിയുടെ അടിസ്ഥാനത്തിലും, പരാതിയില്ലെങ്കില്‍ പോലും സ്വമേധയാ തെരെഞ്ഞെടുപ്പ് കമ്മീഷന് കേസ് എടുക്കേണ്ടതാണ്. പെരുമാറ്റ ചട്ടത്തിനു വിലകല്‍പ്പിക്കാത്ത സ്ഥിതിവിശേഷമാണ് നിലവില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അതിന്റെ തെളിവ് തന്നെയാണ് മുഖ്യമന്ത്രിയുടെ ചട്ട ലംഘനമെന്നും അനില്‍കുമാര്‍ ആരോപിക്കുന്നു.
Discussion about this post