ശബരിമല: ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം മുപ്പത്തിയാറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 48 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനെട്ട് പോലീസ് ഉദ്യോഗസ്ഥര്‍, 17 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, ഒരു ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്.
അതേസമയം നിലക്കലില്‍ ഏഴ് പോലീസുകാര്‍ ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പമ്പയിലും നിലക്കലിലും കൂടുതല്‍ പോലീസുകാര്‍ക്ക് വൈറസ് ബാധ സ്ഥരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പോലീസുകാരുടെ എണ്ണം കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് പരിശോധന തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അതേസമയം തീര്‍ത്ഥാടകരില്‍ രോഗബാധ കണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്കവേണ്ടെന്നാണ് ദേവസ്വംബോര്‍ഡ് അധികൃതര്‍ പറയുന്നത്.
Discussion about this post