തിരുവനന്തപുരം: തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂ എന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്നെ ഇനിയും ചാണക സംഘിയെന്ന് വിളിച്ചോളൂ എന്ന് തുറന്നടിച്ചത്. കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സുരേഷ് ഗോപി എംപിയുടെ വാക്കുകള്‍;
ചിലര്‍ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങള്‍കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു.ഞാന്‍ ലോകം മുഴുവന്‍ ആരാധകനുള്ള, വിശ്വസിക്കാന്‍ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്ര മോഡിയുടെ പടയാളി തന്നെയാണ്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ല.
ഇടതുപക്ഷം 45 വര്‍ഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമെന്നാണ് എസ്കെ കോഴിക്കോടിനെ വിശേഷിപ്പിച്ചത്. ആ നന്മയുടെ നഗരത്തില്‍ നിന്ന് അല്പം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാല്‍ മതിയെന്ന് എം.ടി വാസുദേവന്‍നായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ല.
ബിജെപി ഭരിക്കുന്ന കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്ന് നോക്കൂ. കേന്ദ്രപദ്ധതികള്‍ വഴി ഒരു സിനിമാനടനായ എംപി കെട്ടിയിറക്കിയ എംപി എന്ത് ചെയ്തുവെന്ന് മനസ്സിലാക്കി തരാം. ആയിരം പഞ്ചായത്ത് ഞങ്ങള്‍ക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ച് തരാം. കേരളം മലയാളികളുടേതാണെങ്കില്‍ കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലയാളികള്‍ താമരയ്ക്ക് വോട്ടുചെയ്യണം.
കോഴിക്കോട് പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാന്‍ ഞാന്‍ ശ്രമം തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. പേരാമ്പ്ര പഞ്ചായത്ത് ബിജെപിയാണ് ഭരിക്കുന്നതെങ്കില്‍ എപ്പോഴെ ഒരു റോഡ് വന്നേനെ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഈ കെട്ടിയിറക്കിയ എംപിയുടെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയിലാണ് അവിടെയുള്ള നികൃഷ്ട ജീവികള്‍.
ഇതിനെതിരേ ചിന്തിച്ച് വോട്ടുചെയ്യണം. 75 ഡിവിഷനുള്ള കോഴിക്കോട് കോര്‍പ്പറേഷനില്‍ 74 ഇടത്തും ബിജെപി മത്സരിക്കുന്നു. എന്റെ അതിമോഹമാണ് പറയുന്നത്. ഒരു 55 പേരെ തന്നാല്‍, അല്ലെങ്കില്‍ 45 പേരെ തന്നാല്‍ എന്താണ് ഭരണമെന്ന് കാണിച്ച് തരാം.
Discussion about this post