ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം; ഡ്രൈവറെ അറസ്റ്റ് ചെയ്തു

dog tied | bignewslive

കൊച്ചി: നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്റെഷന്‍ ഓഫ് ക്രുവല്‍റ്റി റു അനിമല്‍ ആക്ട് പ്രകാരവും കേസ് എടുത്തു.നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.

നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം അഖിലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്നത് കണ്ട അഖില്‍ വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇയാളോട് തട്ടിക്കയറുകയും തെറിവിളിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

നായയുടെ കഴുത്തില്‍ കുരുക്കിട്ടാണ് ഓടുന്ന കാറിന് പിന്നില്‍ കെട്ടിവലിച്ചത്. കാര്‍ ഓടുന്നതിനിടെ നായ തളര്‍ന്നുവീണിട്ടും റോഡിലൂടെ നായയെ കെട്ടിവലിച്ച് കാര്‍ മുന്നോട്ടുപോവുകയായിരുന്നു.

Exit mobile version