ഹനുമാനും പാകിസ്താന്‍ ചാരനും പിഎം-കിസാന്‍ ഫണ്ടിലൂടെ പണം അനുവദിച്ച് കേന്ദ്രം; ‘ഹനുമാന്’ 6000 രൂപ നല്‍കി, പുറത്ത് വരുന്നത് വന്‍ തട്ടിപ്പ്

pm kisan fund | bignewslive

ന്യൂഡല്‍ഹി: കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പൊരുതുന്നതിന് ഇടയില്‍ പുറത്ത് വരുന്നത് വന്‍ തട്ടിപ്പ്. കേന്ദ്രത്തിന്റെ പി.എം -കിസാന്‍ ഫണ്ടിന്റെ തട്ടിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.അനര്‍ഹര്‍ ആയ അനേകം പേര്‍ക്കാണ് കേന്ദ്രം കിസാന്‍ ഫണ്ട് വഴി പണം നല്‍കിയിരിക്കുന്നത്.

നടന്‍ റിതേഷ് ദേശ്മുഖും, പാക്കിസ്ഥാന്‍ ചാരന്‍ മെഹബൂബും ഹനുമാനും വരെ കേന്ദ്രം പണം അനുവദിച്ചവരുടെ പട്ടികയിലുണ്ട്. ‘ദി ക്വിന്റ്’ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഹനുമാന്‍, പാക്കിസ്ഥാന്‍ ചാരന്‍ മെഹബൂബ്, നടന്‍ റിതേഷ് എന്നിവരുടെ അക്കൗണ്ടിലേക്ക് ഇന്‍സ്റ്റാള്‍മെന്റായി 6000 രൂപ വരെ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. തന്റെ പേരില്‍ ഇങ്ങനെ ഒരു അക്കൗണ്ട് തുറന്നതിനെപ്പറ്റി ഒരറിവുമില്ല എന്നാണ് നടന്‍ റിതേഷ് ദേശ്മുഖ് പ്രതികരിച്ചത്.

2018 ഡിസംബര്‍ ഒന്നിന് പ്രാബല്ല്യത്തില്‍ വന്ന പി.എം-കിസാനിലേക്ക് ഫണ്ട് നല്‍കുന്നത് കേന്ദ്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജമെന്റ് സിസ്റ്റം ആണ് ആനുകൂല്യത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നത്.മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് എന്നിവയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കേന്ദ്രത്തിന്റെ കഴിവ് കേട് കൊണ്ട് നിരവധി അനര്‍ഹര്‍ ആണ് പിഎം കിസാന്‍ ഫണ്ട് വഴി പണം കൈപ്പറ്റുന്നത്. അതേസമയം അര്‍ഹരായ കര്‍ഷകര്‍ക്ക് യാതൊരു സഹായവും കേന്ദ്രം നല്‍കുന്നില്ല എന്നുമാണ് ഈ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ വ്യക്തമാകുന്നത്.

തമിഴ്‌നാട്ടില്‍ മാത്രം 5.5 ലക്ഷം അനര്‍ഹര്‍ക്കു പൈസ ലഭിച്ചിരിക്കുന്നു. കേന്ദ്രഫണ്ട് ദുരുപയോഗം ചെയ്യുന്ന ആദ്യത്തെ സ്‌കീമല്ല ഇത്, ഇതിനു മുന്‍പും ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്. ആധാര്‍, ഡിജിറ്റല്‍ തട്ടിപ്പിന് വഴിയൊരുക്കുകയാണ് എന്ന വാദത്തിന് പിന്‍ബലം നല്‍കുന്നത് കൂടിയാണ് ഈ തട്ടിപ്പിന്റെ വാര്‍ത്തകള്‍. ആധാര്‍ നമ്പര്‍ പബ്ലിക് ആയതിനാല്‍ നിഷ്പ്രയാസം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ഇതുപോലുള്ള വ്യാജ ഐഡന്റിറ്റിയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും സാധിക്കുന്നു.

Exit mobile version