തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; അഞ്ച് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

election kerala | big news live

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തിലെത്തുന്നത്.

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ്. കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്.ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ.

അഞ്ച് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടര്‍മാരാണ് ഉള്ളത്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.

അതേസമയം 473 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പിനായി തയ്യാറാക്കിയ 12643 പോളിങ് ബൂത്തുകളും അണുവിമുക്തമാക്കി. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതല്‍ ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റൈനില്‍ പോയവര്‍ക്കും ആരോഗ്യ വകുപ്പിന്റെ സാക്ഷ്യപത്രം ഹാജരാക്കി വോട്ട് ചെയ്യാം.

അതേസമയം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ആം വാര്‍ഡ്, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 47ആം ഡിവിഷന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

Exit mobile version