കർഷക സമരത്തെ അടിച്ചമർത്താമെന്ന് കരുതുന്നത് മൗഢ്യം; കർഷകരെ സംരക്ഷിക്കേണ്ട ബാധ്യത ഈ നാടിനുണ്ട്; പൊതു സമൂഹത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി

CM pinarayi | Kerala news

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് കടുത്ത തണുപ്പിനേയും അവഗണിച്ച് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ജനപിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം സമരത്തെ അടിച്ചമർത്താൻ ശ്രമിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. സമര നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടു തടങ്കലിൽ പാർപ്പിച്ചും കായികമായി നേരിട്ടും കർഷക രോഷത്തെ നിർവീര്യമാക്കാനാവില്ല. അത്തരം ജനാധിപത്യവിരുദ്ധ നടപടികൾ കർഷകർക്കുള്ള പിന്തുണ വർധിപ്പിക്കുകയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം ചെയ്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിക്കുന്നതാണ് പിണറായിയുടെ കുറിപ്പ്. കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട പിണറായി, ആഗോളവൽക്കരണത്തിന്റെ ആരംഭം മുതൽ വലതുപക്ഷ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും കർഷകർ കൊടിയ അനീതിനേരിടുകയാണെന്നും ചൂണ്ടിക്കാണിച്ചു. ഈയൊരവസരത്തിൽ കോർപ്പറേറ്റുകളുടെ ചൂഷണത്തിനും വിപണിയിലെ കിടമത്സരത്തിനും വിട്ടു കൊടുക്കാതെ കർഷകരെ സംരക്ഷിക്കേണ്ട ബാധ്യത ഈ നാടിനുണ്ട്. അക്കാര്യത്തിൽ പൊതു സമൂഹത്തിന്റെ ഒന്നാകെ പിന്തുണ കർഷകർക്ക് ഉറപ്പു വരുത്തണം. അതിനായി നാമോരുത്തരും മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്:

കാർഷിക മേഖലയിൽ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന കോർപ്പറേറ്റ് അനുകൂല വിവാദ നിയമങ്ങൾക്കെതിരെ ആരംഭിച്ച കർഷക സമരം രാജ്യമെങ്ങും കൂടുതൽ കരുത്താർജ്ജിക്കുകയാണ്. വലിയ ജനപിന്തുണയാണ് വിവിധ കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന സമരം നേടിയിരിക്കുന്നത്. കർഷക പ്രക്ഷോഭം ഈ നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് തിരിച്ചറിയുന്ന ജനങ്ങൾ സ്വമേധയാ പിന്തുണയുമായി രംഗത്തു വരുന്നു.
കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം സമരത്തെ അടിച്ചമർത്താൻ ശ്രമിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. സമര നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടു തടങ്കലിൽ പാർപ്പിച്ചും കായികമായി നേരിട്ടും കർഷക രോഷത്തെ നിർവീര്യമാക്കാനാവില്ല. അത്തരം ജനാധിപത്യവിരുദ്ധ നടപടികൾ കർഷകർക്കുള്ള പിന്തുണ വർധിപ്പിക്കുകയേ ഉള്ളൂ.
കർഷകരുടെ ന്യായമായ ആവശ്യങ്ങൾ എന്താണെന്നു മനസ്സിലാക്കാനും അവർക്കനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണം. ആഗോളവൽക്കരണത്തിന്റെ ആരംഭം മുതൽ വലതുപക്ഷ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും കർഷകർ കൊടിയ അനീതിനേരിടുകയാണ്. കോർപ്പറേറ്റുകളുടെ ചൂഷണത്തിനും വിപണിയിലെ കിടമത്സരത്തിനും വിട്ടു കൊടുക്കാതെ കർഷകരെ സംരക്ഷിക്കേണ്ട ബാധ്യത ഈ നാടിനുണ്ട്. അക്കാര്യത്തിൽ പൊതു സമൂഹത്തിന്റെ ഒന്നാകെ പിന്തുണ കർഷകർക്ക് ഉറപ്പു വരുത്തണം. അതിനായി നാമോരുത്തരും മുന്നോട്ടു വരണം.

Exit mobile version