ചേർത്തല: പ്രളയ ദുരിതത്തിൽ പെട്ട ജനങ്ങൾക്ക് സഹായമെത്തിച്ചതിന് മാധ്യമങ്ങൾ വിചാരണ ചെയ്ത സിപിഎം പ്രവർത്തകൻ ഓമനക്കുട്ടന്റെ മകൾ സുകൃതി സർക്കാർ മെഡിക്കൽ എംബിബിഎസ് പഠനത്തിന് ചേർന്നു. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പണം പിരിച്ചെന്ന് ചില മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തിയതിലൂടെയാണ് ഓമനക്കുട്ടൻ വാർത്തകളിൽ ഇടംപിടിച്ചത്.
ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് ഭാവനാലയത്തിൽ എൻഎസ് ഓമനക്കുട്ടന് കാലം കാത്തുവെച്ച നീതിയായാണ് മകൾ സുകൃതിക്ക് കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചത്. പ്ലസ്ടുവിനുശേഷം മെഡിക്കൽ എൻട്രൻസ് പരിശീലനം നേടിയിരുന്നു സുകൃതി.
ഓമനക്കുട്ടന്റെ മകളുടെ നേട്ടം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്. കഴിഞ്ഞ പ്രളയകാലത്താണ് ഓമനക്കുട്ടനെ സോഷ്യൽമീഡിയയും ചില മാധ്യമങ്ങളും ചേർന്ന് വേട്ടയാടിയത്. ആലപ്പുഴ ചേർത്തല തെക്കുപഞ്ചായത്ത് ആറാംവാർഡ് പട്ടികജാതി, പട്ടിക വർഗ്ഗ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ വെച്ചാണ് ഓമനക്കുട്ടൻ അപമാനിക്കപ്പെട്ട സംഭവങ്ങൾ അരങ്ങേറിയത്.
ക്യാമ്പിലെ ഭക്ഷ്യസാധനങ്ങൾ തീർന്നതോടെ ഓമനകുട്ടൻ മുൻകൈയ്യെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചിരുന്നു. എന്നാൽ ഓട്ടോയ്ക്ക് കൊടുക്കാൻ കയ്യിൽ പണമില്ലാതെ വന്നതോടെ ക്യാമ്പിലുള്ളവരിൽ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നൽകി. ഈ ദൃശ്യങ്ങൾ ഒരാൾ പകർത്തി സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടതോടെ ഓമനക്കുട്ടൻ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പേരിൽ പ്രചാരണം ചില മാധ്യമങ്ങൾ നടത്തുകയായിരുന്നു.
പോലീസ് ഓമനക്കുട്ടനെതിരെ കേസെടുക്കുകയും ചെയ്തു. ഇതോടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഓമനക്കുട്ടനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ, ഓമനക്കുട്ടട്ടനെ പിന്തുണച്ച് ക്യാമ്പിലുള്ളവർ തന്നെ രംഗത്തെത്തി. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടൻ പിരിവ് നടത്തിയതെന്ന് ബോധ്യപ്പെട്ടതോടെ പാർട്ടി സസ്പെൻഷൻ പിൻവലിച്ചു. സർക്കാർ ഓമനക്കുട്ടനോട് മാപ്പ് പറയുകയും ചെയ്തു.
അന്ന് കല്ലെറിഞ്ഞവർ പിന്നീട് സത്യം മനസിലാക്കി ഓമനക്കുട്ടന് കയ്യടികളുമായി എത്തി. കോവിഡിന്റെ കാലത്തും സാമൂഹ്യപ്രവർത്തനങ്ങളുമായി ഓമനക്കുട്ടൻ സജീവമായിരുന്നു.
Discussion about this post