തൃശ്ശൂർ: പത്തുമാസം ചുമന്ന് പ്രസവിച്ചാലേ അമ്മയാകൂ എന്ന് പറയുന്നവരെ തിരുത്തി ഫേസ്ബുക്ക് കുറിപ്പുമായി ഒരമ്മ. ഭർത്താവിന്റെ സഹോദരിയുടെ മകളെ സ്വന്തം മകളായി വളർത്തുകയും അവളുടെ ഓരോ നേട്ടത്തിലും അഭിമാനം കൊള്ളുകയും ചെയ്യുന്ന സ്വപ്ന ജോർജ് ടോം എന്ന അമ്മയുടെ കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തന്റെ മകൾ സെറ ടോമിന്റെ പത്താംപിറന്നാളിനോട് അനുബന്ധിച്ചാണ് സ്വപ്ന കുറിച്ച് ദി മലയാളി ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചത്.
സ്വപ്നയുടെ കുറിപ്പ് വായിക്കാം:
ഇന്ന് എന്റെ മോളുടെ പത്താം ജന്മദിനമാണ് … പത്തു മാസം ചുമക്കാത്ത, നൊന്തു പ്രസവിക്കാത്ത എന്റെ മോൾ… അവളെ എനിക്ക് ജീവനാണ്.. ഒരു നാൾ അവൾ അറിയും ഞാൻ അവളുടെ അമ്മ അല്ല എന്നുള്ളത്. ഒരു സ്ത്രീക്ക് നൊന്തു പ്രസവിക്കണമെന്നില്ല ഒരു കുഞ്ഞിന്റെ അമ്മയാകാൻ..
അവൾ എന്റെ ഹൃദയ ത്തിലാണ് ജീവിക്കുന്നത്.. എന്റെ മറ്റു രണ്ടു കുട്ടികളെക്കാൾ സ്നേഹം എനിക്ക് അവളോടാണ്… അവളുടെ കണ്ണു നിറഞ്ഞാൽ എന്റെ ഹൃദയം വേദനിക്കും…
എന്റെ മൂത്ത രണ്ടു കുട്ടികൾ എന്റെ ശരീരത്തിന്റെ ഭാഗമാണേൽ എന്റെ ഇളയ മോൾ എന്റെ ഹൃദയത്തിന്റെ ഭാഗമാണ്.അത്രമാത്രം ബന്ധമാണ് എനിക്ക് അവളോട്… പത്തു വർഷം പിറകോട്ട്…. ഒരു സന്ധ്യാസമയത്ത് ഞാൻ എന്റെ ശ്രീക്കുട്ടിയെ കണക്ക് പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ നാട്ടിൽ നിന്ന് ഒരു ഫോൺ കാൾ .. അനുജത്തി മരിച്ചു എന്ന്.( sister in law)..
ആ വാർത്ത വിശ്വസിക്കാൻ കുറെ സമയം എടുത്തു. ഹാർട്ട് അറ്റാക്ക് ആയിരുന്നു. പ്രസവിച്ചു രണ്ടു മാസത്തിനുള്ളിൽ ഹാർട്ട് അറ്റാക്ക് വന്നു സ്ത്രീകൾ മരിക്കും എന്നു ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്… .കുറെ കരഞ്ഞു… മനസ് കൈമോശം വരാതെ ധൈര്യം അവലംബിച്ച് ബാഗിൽ കുറച്ചു ഡ്രസ്സ് ഒക്കെ തള്ളിക്കേറ്റി വേഗം റെഡിയായി രാത്രി തന്നെ യാത്ര പുറപ്പെട്ടു.. . നെഞ്ചിൽ ഒരു വിങ്ങൽ ആയിരുന്നു… ആരും ഒന്നും മിണ്ടുന്നില്ല… എന്റെ മനസ്സിൽ അവളെകുറിച്ചുള്ള ഓർമ്മകൾ ഓരോന്നായി മിന്നിമാഞ്ഞു… ഞങ്ങൾ തമ്മിലുള്ള സ്നേഹവും… ഞാൻ ഓരോ തവണ മൈസൂരിൽനിന്ന് നാട്ടിൽ തറവാട്ടിൽ എത്തുമ്പോൾ അവൾ ഞങ്ങൾക്കായി വെച്ചു തരുന്ന വിഭവങ്ങളും അധികം സംസാരിക്കില്ലേലും പാവം ആയിരുന്നു അവൾ. ഒരു പരാതിയും പരിഭവവും ഇല്ലാത്ത പെണ്ണ്.. നാട്ടിൽ നിന്ന് തിരിച്ചുള്ള ഓരോ യാത്രയിലും അവളെപ്പറ്റി ഞാൻ ഓർക്കുമായിരുന്നു എനിക്കും അവളെപ്പോലെ സിമ്പിൾ ആയി ജീവിക്കണം എന്ന്. ഇപ്പോഴും അവളെ ഓർക്കുമ്പോഴൊക്കെ എന്റെ കണ്ണുനിറയും.അവളുടെ ശവസംസ്കാരത്തിന്റെ അന്ന് എല്ലാരും പറഞ്ഞു അവൾ സ്വർഗത്തിൽ ആയിരിക്കുമെന്ന് ഈ സമയം … അവൾ പോയപ്പോൾ അവളുടെ മൂന്ന് കുഞ്ഞുങ്ങൾക്ക് അമ്മയില്ലാതായി….
പപ്പയും അമ്മയും ഒന്നുകൂടി കല്യാണം കഴിച്ച് എനിക്ക് ഒരു കുഞ്ഞിനെ കൂട്ട് താ കളിക്കാൻ എന്ന ശ്രീക്കുട്ടി യുടെ കൊഞ്ചിയുള്ള സംസാരവും,. കഴിഞ്ഞ ക്രിസ്തുമസിന് നാട്ടിൽ ചെന്നപ്പോൾ കുഞ്ഞിനെ കണ്ടതും.. നിങ്ങൾ രണ്ടു പേരുമായിരിക്കണം കുഞ്ഞിനെ മാമോദിസ മുക്കുമ്പോൾ തലതൊട്ടപ്പനും തലതൊട്ടമ്മയും ആകേണ്ടത് എന്ന് അമ്മ പറഞ്ഞ കാര്യമെല്ലാം അപ്പോ ഓർമയിൽ വന്നു.
പെട്ടന്ന് ചേട്ടായി എന്നോട് ”നിനക്കറിയാലോ ആ കുഞ്ഞിന്റെ അവസ്ഥ.ഈ സാഹചര്യത്തിൽ ആ കുഞ്ഞിനെ നോക്കാൻ ആരും ഉണ്ടാവില്ല. അവനു മറ്റു രണ്ടു കുട്ടികൾ ഇല്ലേ. നമുക്കു തിരിച്ചു പോരുമ്പോൾ നമ്മുടെ കുഞ്ഞായി ഇങ്ങു കൊണ്ട് പൊന്നാലോ ”എന്ന് പറഞ്ഞപ്പോൾ , ഏത് കാര്യത്തിനും ആദ്യം തടസം പറഞ്ഞിരുന്ന ഞാൻ ഒന്നും എതിർത്തു പറയാതെ സമ്മതം മൂളി …ദൈവം എന്നെ അപ്പോൾ അത് തോന്നിപ്പിച്ചതാണെന്ന് ഞാൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. ഞങ്ങളുടെ മൂത്ത രണ്ടു കുട്ടികൾക്കും പരിപൂർണ സമ്മതം…
എന്റെ ഏത് ആഗ്രഹവും ഒരു മടിയും കൂടാതെ സാധിച്ചു തന്നിരുന്ന എന്നെ ഞാനാക്കിയ എന്റെ പപ്പയുടെയും മമ്മിയുടെയും സമ്മതം കൂടെ എനിക്ക് ആവിശ്യമുണ്ടായിരുന്നു. കാരണം എന്റെ ഈ മോൾ അവരുടേതും കൂടി ആകേണ്ടതാണ്…അവരും എനിക്കും പൂർണ സമ്മതം തന്നു. അങ്ങനെ അനുജത്തിയുടെ ശവസംകാരം കഴിഞ്ഞു മൂന്നാം നാൾ കുഞ്ഞിനേയും കൊണ്ട് ഞങ്ങൾ മൈസൂർക്ക് പോന്നു..
അന്ന് അവൾക്കു 50 ദിവസം പ്രായം… ഇനി മുതൽ ഞാനാണ് അവളുടെ അമ്മ… അന്ന് മുതൽ ഞങ്ങൾ അവൾക്കു വേണ്ടി ജീവിച്ചു…. ഞാൻ ജോലിക്ക് ഒന്നും പോകാതെ രാത്രിയും പകലും എന്നില്ലാതെ അവളെ നോക്കി…ആരോഗ്യമില്ലാത്ത കുട്ടിയായിരുന്നു അവൾ. അപ്പോളോ ഹോസ്പ്പിറ്റലിലെ ഗിരീഷ് ഡോക്ടറുടെ കൺസൾറ്റേഷനും ഉപദേശവും എല്ലാം കൊണ്ടും ഞങ്ങളുടെ പൊന്നുമോൾ വളർന്നു… അവൾക്കു ഒരു വയസായി അവളുടെ ജന്മദിനം വലിയ ഒരു ആഘോഷമാക്കി…. അവൾ ആദ്യമായി എന്നെ അമ്മേ എന്ന് വിളിച്ചതും.. ആദ്യമായി നടന്നതും ഇപ്പോഴും കണ്മുൻപിൽ തെളിയുന്നു… അവളുടെ ഓരോ വളർച്ചയും ഞങ്ങൾ ആഘോഷമാക്കി…
ആയിടെ സായാഹ്നപത്രത്തിൽ ഒരു വാർത്ത വന്നു..
ഒരു ലയൺസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കായി ഒരു Healthy Baby Contest നടക്കുന്നു ,അത് വായിച്ചപ്പോൾ സിദ്ധു പറഞ്ഞു നമുക്കും പങ്കെടുക്കാം അമ്മേ എന്ന് . അങ്ങനെ ഞങ്ങൾ മോളെ അവളുടെ ജന്മദിനത്തിന് വാങ്ങിയ നല്ല ഗൗൺ ഒക്കെ അണിയിച്ച് മത്സരത്തിനു കൊണ്ട് പോയി… മൂന്നു റൗണ്ട് ഉണ്ടായിരുന്നു…എല്ലാ അമ്മമാരും അവരവരുടെ ഊഴം കാത്തു നില്കുന്നു… അങ്ങനെ മത്സരം കഴിഞ്ഞു… റിസൾട്ട് അനൗൺസ് ചെയ്യുന്ന സമയം… നെഞ്ച് ഇടിപ്പ് കൂടി.. അങ്ങനെ കോൺസിലേഷൻ പ്രൈസും , തേർഡ് പ്രൈസും സെക്കന്റ് പ്രൈസും അനൗൺസ് ചെയ്തു.. അവസാനം ഫസ്റ്റ് പ്രൈസ് അനൗൺസ്മെന്റ്…
”സേറ ടോം”
സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.. ഓടി ചാടി സ്റ്റേജിൽ കയറി സമ്മാനവും സർട്ടിഫിക്കറ്റും വാങ്ങി…. എന്റെ കണ്ണിൽ കൂടെ കണ്ണുനീർ വന്നു… കാരണം അത് എന്നിലെ അമ്മക്കുള്ള അംഗീകാരമായിരുന്നു… അന്നു ഞാൻ മോളേ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു…അവൾക്കു മനസിലായില്ല അമ്മ എന്തിനാ കരയുന്നതെന്ന്.. അങ്ങനെ ഓരോരോ വർഷങ്ങൾ..ഒത്തിരിയൊത്തിരി സമ്മാനങ്ങളും അവൾ എനിക്ക് സമ്മാനിച്ചു.ഇന്ന് അവൾക്ക് പത്തു വയസായി.. ഇത് ഞാൻ എഴുതാൻ കാരണം എല്ലാവരും പറയും പ്രസവിച്ചാൽ മാത്രമേ ഒരു സ്ത്രീക്ക് അമ്മയാകാൻ പറ്റുകയുള്ളൂവെന്ന് .അത് വെറുതെ ആണ് എന്ന് എനിക്ക് എന്റെ അനുഭവത്തിൽ കൂടെ പറയാൻ വേണ്ടിയാണ് ഈ എഴുത്ത്….എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങൾക്ക് ഉണ്ടാകണം. എന്റെ മരണം വരെ അവളുടെ അമ്മെയെന്നുള്ള വിളി കേട്ട് എന്റെ പൊന്നുമോളുടെ അമ്മയായി എനിക്ക് ജീവിക്കണം…
നന്ദി നമസ്കാരം..??
Discussion about this post