തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. ഉണ്ണുന്ന ചോറിന് കര്‍ഷകര്‍ക്കൊപ്പമെന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് ‘അറബിക്കഥ’ എന്ന ചിത്രത്തില്‍ അനില്‍ പനച്ചൂരാന്‍ എഴുതിയ ‘ചോര വീണ’ എന്ന ഗാനത്തിലെ ‘നട്ട് കണ്ണ് നട്ട് നാം വളര്‍ത്തിയ വിളകളെ, കൊന്നു കൊയ്തു കൊണ്ടുപോയ ജന്മികള്‍ ചരിത്രമായ്’ എന്ന വരികള്‍ പാടിയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനോടകം നിരവധി താരങ്ങളാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. എല്ലാ സിനിമാ ലൊക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണെന്നും നമുക്ക് അന്നം തരുന്ന പട്ടാളം നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തിലാണെന്നും ഈ കെട്ട കാലത്ത് അവര്‍ക്കുവേണ്ടി വാക്കുകള്‍ കൊണ്ടെങ്കിലും കൂടെ നില്‍ക്കേണ്ടേ എന്നാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
‘നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ദൂരീകരിച്ചേ മതിയാകൂ. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും വേണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്” എന്നാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ കുറിച്ചത്.