കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിലും അഴിമതി കേസിലും ആരോപണം നേരിടുന്ന കെഎം ഷാജി എംഎൽഎയുടെ ഭാര്യ ആഷയ്ക്ക് ആശയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസയച്ചു. അനധികൃത വീട് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഡിസംബർ 17 ന് ഹാജരായി വിശദീകരണം നൽകാനാണ് ആഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്ന കേസിലും അന്വേഷണം നടക്കുകയാണ്.
കെഎം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീട് ആഷയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിർമ്മാണം അനധികൃതമാണെന്ന് നേരത്തെ കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കോർപ്പറേഷൻ ആഷയ്ക്ക് നോട്ടീസയച്ചത്. വീടിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടർനടപടികളുടെ ഭാഗമായിട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.
3200 ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽ നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീർണമുണ്ടെന്നാണ് കോർപ്പറേഷൻ നടത്തിയ അളവെടുപ്പിൽ വ്യക്തമായത്. 2016ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിരുന്നില്ല. മൂന്നാംനിലയിലാണ് അധികനിർമാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു