തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസിലെ മുന്‍ നേതാവുമായ സിഎന്‍ ബാലകൃഷ്ണന്‍ (86) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും കെപിസിസി ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനോബ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അദ്ദേഹം കെ കരുണാകരന്റെ ഉറ്റ അനുയായിയായിരുന്നു.
പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബര്‍ 18-നാണ് സിഎന്‍ ബാലകൃഷ്ണന്‍ ജനിച്ചത്. 1952-ല്‍ സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസിലെത്തി. തുടര്‍ച്ചയായി 17 വര്‍ഷം തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കെപിസിസി ട്രഷററായിരുന്നു.
കരുണാകരന്‍ സപ്തതി സ്മാരക മന്ദിരം എന്നപേരിലുള്ള തൃശൂര്‍ ഡിസിസി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും നേതൃത്വം നല്‍കി. ഭാര്യ: തങ്കമണി. മക്കള്‍: സി.ബി. ഗീത, മിനി ബല്‍റാം.